നിലവിളിയും കൂട്ടക്കരച്ചിലും മോദി, അമിത് ഷാ കമ്പനി കെണികള്‍ ഞെട്ടിച്ചു. സുപ്രീംകോടതിയില്‍ പ്രതീക്ഷ.
ഇന്ത്യയില്‍ ബിജെപി ഇതര കക്ഷികളോടും നേതാക്കളോടും ബിജെപി കൈക്കൊളളുന്ന നിലപാടുകള്‍ ആദ്യമല്ല. ബിജെപിയുടെ അധികാരത്തിന്റെ അടിത്തറ പാകിയതു മുതല്‍ ബിജെപി ഇതര നേതാക്കളും ബിസിനസുകാരും പലിവിധ അന്വേഷണങ്ങളിലും കേസുകളിലും പെടുത്തി കഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയുള്ള കോടതി വിധിയും തുടര്‍ന്നുള്ള അയോഗ്യനാക്കലും ഇന്ത്യന്‍ ജനാധിപത്യ വിശ്വാസികളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് മാത്രമല്ല പ്രതിപക്ഷ നിര ഒന്നടങ്കം രംഗത്തെത്തി പ്രതിഷേധത്തില്‍ പങ്കെടുത്തതോടെ മോദി, അമിത് ഷാ കൂട്ടുകെട്ട് കമ്പനിയുടെ കെണികള്‍ പൊതുജനമധ്യത്തിലേയ്ക്കും എത്തുകയാണ്. ഒപ്പം രാഹുല്‍ വേട്ടയുടെ പുതിയൊരധ്യായം കൂടി തുറന്നിട്ട് ഭരണ പക്ഷ വെല്ലുവിളിയും ഉയരുകയാണ്.
പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 14 കക്ഷികള്‍ സുപ്രീം കോടതിയില്‍ സംയുക്ത ഹര്‍ജി നല്‍കി. ദേശീയ അന്വേഷണ ഏജന്‍സികളുടെ കേസുകളില്‍ അറസ്റ്റ്, റിമാന്‍ഡ്, ജാമ്യം എന്നിവയില്‍ മാര്‍ഗരേഖ വേണമെന്നും ആവശ്യപ്പെട്ടു. ഏപ്രില്‍ അഞ്ചിനു വാദം കേള്‍ക്കും.
കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി എന്ന ആശയം മനസ്സില്‍ സൂക്ഷിക്കുന്ന തൃണമൂല്‍, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ബിആര്‍എസ് എന്നിവ ഈ നീക്കത്തിനൊപ്പവും അണിചേര്‍ന്നതു ശ്രദ്ധേയമായി. ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, ശിവസേന (ഉദ്ധവ് താക്കറെ പക്ഷം), ജെഎംഎം, ജനതാദള്‍ (യു), സിപിഎം, സിപിഐ, നാഷനല്‍ കോണ്‍ഫറന്‍സ് എന്നിവയാണു ഹര്‍ജി നല്‍കിയ മറ്റു കക്ഷികള്‍.ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് എന്റെ പോരാട്ടം. അതിന് എന്തു വില കൊടുക്കാനും തയാര്‍.' - രാഹുല്‍ ഗാന്ധി പറഞ്ഞത് ആവേശമായി മാറി.
ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ജനാധിപത്യം കേവലം ഒരു വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നതായി സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം.സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നല്‍കിയതും കോടതി വിധി മുന്‍നിര്‍ത്തി ലോക്‌സഭാംഗത്വത്തിന് അയോഗ്യത കല്‍പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാഷിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നത്? - പിണറായി ചോദിച്ചു.
''ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ല' - പിണറായി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു.
അദാനി ഓഹരി തട്ടിപ്പ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നതിലും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലും പ്രതിഷേധിച്ചു സമാധാനപരമായി പ്രകടനം നടത്തിയതിന്റെ പേരിലാണ് സിപിഎം എംപിമാരായ ഡോ. വി.ശിവദാസന്‍, എ.എ.റഹിം, എ.എം. ആരിഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.ജനപ്രതിനിധികളെപ്പോലും നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ നിലപാട് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഒട്ടും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യ വ്യാപകമായി ഉയരുന്ന പ്രതിഷേധത്തിന് മറുപടി പറയാന്‍ മോദിയും അമിത് ഷായും ബാധ്യസ്ഥരാണെന്ന നിലയിലാണ് പ്രതിപക്ഷ കക്ഷികള്‍.
രാജ്യത്തെ ബിജെപി ഇതര നേതാക്കള്‍ക്കെതിരെ നടത്തുന്ന വേട്ടകള്‍ ഇനി സുപ്രീം കോടതി തീരുമാനിക്കും. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഇന്ത്യക്കാരന്റെ അവസാന പ്രതീക്ഷയാണ് സുപ്രീം കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അവിടെയും സംഘപരിവാരങ്ങള്‍ കടന്നു വരുമോയെന്നാണ് ഓരോ ഭാരതീയനും ഭയക്കുന്നത്.
https://www.facebook.com/Malayalivartha