11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവകാശികളെയൊന്നും കണ്ടെത്തിയില്ല... 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ കേന്ദ്രം
ആരും അവകാശപ്പെടാനില്ലാതെ അക്കൗണ്ടില്‍ കിടക്കുന്ന സഹാറ ഉടമ സുബ്രത റോയിയുടെ 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ ആശങ്ക. ഇപ്പോള്‍ സെബിയുടെയും സഹാറയുടെയും നിയന്ത്രണത്തിലാണ് റീഫണ്ടിന് വേണ്ടിയുണ്ടാക്കിയ ഈ സംയുക്ത അക്കൗണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങള്‍ വിറ്റ് സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയ് നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. എന്നാല്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അനുവാദമില്ലാതെയായിരുന്നു സഹാറ ഗ്രൂപ്പ് ഈ തുക പിരിച്ചെടുത്തത്. ഇക്കാര്യം പിന്നീട് അറിഞ്ഞ സെബി, നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കാന്‍ സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരായ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചുകൊടുക്കാനായി 2012ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനായി സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ് മെന്റ് കോര്‍പും സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പും തുക സെബിയില്‍ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിക്ഷേപിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഈ ഫണ്ടാണ് ഇപ്പോള്‍ 25163 കോടി രൂപ ആയി വളര്‍ന്നിരിക്കുന്നത്.
25,163 കോടി രൂപയോളം വരുന്ന ഈ തുകയില്‍ 138 കോടി രൂപ മാത്രമാണ് ഏകദേശം 17,526 നിക്ഷേപകര്‍ക്ക് റീഫണ്ടായി ഇതുവരെ സെബി തിരിച്ചുകൊടുത്തത്. ഇതില്‍ ഒരു 5000 കോടി രൂപ സഹാറ ഗ്രൂപ്പിന്റെ സഹകരണ സൊസൈറ്റികളിലെ നിക്ഷേപത്തുക തിരിച്ചുകിട്ടേണ്ട അര്‍ഹരായ നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കുന്നതിന് സഹകരണ സൊസൈറ്റികളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് സെബി നല്‍കിയിരുന്നു. സഹാറ സഹകരണ സൊസൈറ്റികളിലെ അര്‍ഹരായ നിക്ഷേപകര്‍ക്ക് മടക്കികിട്ടേണ്ട തുക കൊടുത്തുതീര്‍ക്കാന്‍ ഒരു പ്രത്യകേ പോര്‍ട്ടല്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ മുന്‍കയ്യെടുത്ത് തുറന്നിരുന്നു.
സെബിയ്ക്ക് പണം തിരിച്ചുകൊടുക്കേണ്ടതായ ഉപഭോക്താക്കളുടെ വിലാസം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിനെ ഏല്‍പിക്കണമെന്നും സുപ്രീംകോടതി അന്ന് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി പുറത്തുവന്ന് ഇപ്പോള്‍ 11 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അര്‍ഹരായ അവകാശികളെയൊന്നും കാര്യമായി കണ്ടെത്താന്‍ സെബിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ഈ തുക കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള ആലോചനയിലാണ് സെബി. ദരിദ്രര്‍ക്ക് ഉതകുന്ന എന്തെങ്കിലും ക്ഷേമപദ്ധതികള്‍ നടപ്പാക്കാനോ, പൊതുജനക്ഷേമ പരിപാടികള്‍ക്കോ ഈ തുക കേന്ദ്രസര്‍ക്കാരിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും ഒരു സെബി ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്നു.
https://www.facebook.com/Malayalivartha