പൂനെയില്‍ രണ്ട് പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു... ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അണുബാധകള്‍ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്
![](https://www.malayalivartha.com/assets/coverphotos/w657/313541_1719414146.jpg)
പൂനെയില്‍ രണ്ട് പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അണുബാധകള്‍ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്. മഹാരാഷ്ട്രയിലെ പൂനെയില്‍ 46 കാരനായ ഡോക്ടറിനും അദ്ദേഹത്തിന്റെ 15-കാരിയായ മകള്‍ക്കുമാണ് സിക വൈറസ് അണുബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
പനി, ചുണങ്ങ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ രക്ത സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) പരിശോധനയ്ക്കായി അയച്ചു. ജൂണ്‍ 21 ന്, അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സിക വൈറസ് അണുബാധ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതായി പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പിഎംസി) ആരോഗ്യ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
'അദ്ദേഹം പോസിറ്റീവായ ശേഷം, അദ്ദേഹത്തിന്റെ അഞ്ച് കുടുംബാംഗങ്ങളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് വിശകലനത്തിനായി അയച്ചു, ഇതില്‍ 15 വയസ്സുള്ള മകള്‍ക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി,' ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha