സ്കൂളില്‍ തോക്കുമായെത്തി മൂന്നാം ക്ലാസുകാരന് നേരെ വെടിയുതിര്‍ത്ത് നഴ്സറി ക്ലാസ് വിദ്യാര്‍ത്ഥി
സ്കൂളില്‍ തോക്കുമായെത്തി മൂന്നാം ക്ലാസുകാരന് നേരെ വെടിയുതിര്‍ത്ത് നഴ്സറി ക്ലാസ് വിദ്യാര്‍ത്ഥി. ബിഹാറിലെ സുപോളില്‍ ബുധനാഴ്ച ഉച്ചയോടെ ലാല്‍പട്ടി ഏരിയയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം നടക്കുന്നത്. അഞ്ച് വയസുകാരനായ നഴ്സറി വിദ്യാര്‍ത്ഥി ഇതേ സ്കൂളില്‍ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പത്ത് വയസുകാരന് നേരെയാണ് വെടിയുതിര്‍ത്തത്. വിദ്യാര്‍ത്ഥിയുടെ കൈക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എങ്ങനെയാണ് അഞ്ച് വയസുകാരന്റെ കൈവശം തോക്ക് എത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഷൈഷവ് യാദവ് പറഞ്ഞു. കുട്ടിയുടെ ബാഗില്‍ തോക്കുണ്ടെന്ന് സഹപാഠികളോ അധ്യാപകരോ അറിഞ്ഞിരുന്നില്ല. വെടിയുതിര്‍ക്കാനായി ബാഗില്‍ നിന്നും തോക്ക് എടുത്തപ്പോഴാണ് മറ്റ് കുട്ടികളും വിവരം അറിയുന്നത്. വെടിയുതിര്‍ത്ത ശബ്ദം കേട്ട് ഓടിയത്തെുമ്പോഴാണ് പരിക്കേറ്റ് കിടക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും അഞ്ച് വയസുകാരനില്‍ നിന്നും തോക്ക് മാറ്റുകയും ചെയ്തുവെന്ന് അധ്യാപകര്‍ പറയുന്നു.
പിന്നാലെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. നഴ്സറി വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്, എങ്ങനെയാണ് കുട്ടിക്ക് തോക്ക് ലഭിച്ചതെന്നും എന്തിനാണ് 10 വയസുകാരനെ വെടിവെച്ചത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഷൈഷവ് യാദവ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ രക്ഷിതാക്കളെത്തി സ്കൂളില്‍ പ്രതിഷേധിച്ചു. തോക്ക് കൈവശം വെച്ച കുട്ടിക്കെതിരെ നടപടിയെടുക്കണമെന്നും രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha