ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള സമാധാനചർച്ചകൾക്ക് ‘മികച്ച തുടക്കം’ എന്ന് യുഎസ്
ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള സമാധാനചർച്ചകൾക്ക് ‘മികച്ച തുടക്കം’ എന്ന് യുഎസ്. സിഐഎ ഡയറക്ടർ വില്യം ബേൺസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചർച്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിച്ചതായി യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. വ്യാഴാഴ്ച മികച്ച തുടക്കമായിരുന്നെന്നും ഇനിയും ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്നും വെള്ളിയാഴ്ചയും ചർച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കിർബി വാഷിങ്ടനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജൂലൈ 31ന് ടെഹ്‌റാനിൽ ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്തിനു പിന്നാലെ ഇസ്രയേലിനെതിരെ ഇറാൻ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഗാസയിൽ വെടിനിർത്തലിന് യുഎസ് മുൻകൈ എടുക്കുന്നത്. ഇസ്രയേലിനെ സഹായിക്കുന്നതിനായി യുഎസ് യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ഈ മേഖലയിലേക്ക് അയച്ചിരിക്കുന്നതിനാൽ, ഗാസയിൽ വെടിനിർത്തൽ വേണമെന്നാണ് യുഎസിന്റെ ആവശ്യം.
വ്യാഴാഴ്ചത്തെ ചർച്ചയിൽ പങ്കെടുത്തില്ലെന്നും എന്നാൽ മധ്യസ്ഥരുമായുള്ള ചർച്ചകളിൽ പങ്കെടുക്കാൻ തയാറാണെന്നും ഹമാസ് വക്താവ് ഒസാമ ഹംദാൻ പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മേയ് അവസാനത്തോടെ ആവിഷ്‌കരിച്ച സമാധാന ഉടമ്പടി നടപ്പിലാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ‘‘ഇസ്രയേൽ അധിനിവേശം നടത്തിയെന്ന് അംഗീകരിച്ചാൽ, ചർച്ചകൾക്ക് ഞങ്ങൾ സമ്മതിക്കും, പക്ഷേ ഇതുവരെ പുതിയതായി ഒന്നുമില്ല.’’– ഹംദാൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. പലസ്തീൻ ജനതയെ കൊല്ലാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് കൂടുതൽ സമയം നൽകുന്ന നീണ്ട ചർച്ചകളിൽ ഹമാസ് പങ്കെടുക്കില്ലെന്നും ഹംദാൻ പറഞ്ഞു.
ഇസ്രയേൽ–ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ഒരിക്കൽ മാത്രമാണ് വെടിനിർത്തൽ നടപ്പിലായത്. ഒക്ടോബർ 7ലെ ആക്രമണത്തിൽ പിടികൂടിയ 105 ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ നവംബറിലായിരുന്നു വെടിനിർത്തൽ. ഇസ്രയേൽ ജയിലിലുണ്ടായിരുന്ന 240 പലസ്തീനികളെ വിട്ടയച്ചതിനു പകരമായാണ് 105 ബന്ദികളെ ഹമാസ് വിട്ടയച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 40,005 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha