വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട ദിവസം ജോലിയില്‍ ഉണ്ടായിരുന്ന അഞ്ചു ഡോക്ടര്‍മാര്‍ക്ക് നുണപരിശോധന ; കൊല്‍ക്കത്ത പീഡന കേസില്‍ കോടതി കടുപ്പിക്കുന്നു
കൊല്‍ക്കത്തിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യം കത്തുകയാണ്. നിര്‍ഭയ കേസിന് ശേഷം ഇത്ര പൈശാചികമായൊരു ആക്രമണം. ജനം കലിയിളകി തെരുവില്‍ പ്രതിഷേധത്തിലാണ്. ഇപ്പോള്‍ ശക്തമായ നടപടികള്‍ തുടരുകയാണ്. ആര്‍.ജെ. കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് ഉള്‍പ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികള്‍ സംബന്ധിച്ച് സി.ബി.ഐ. സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.
വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട ദിവസം ജോലിയില്‍ ഉണ്ടായിരുന്ന അഞ്ചു ഡോക്ടര്‍മാരെയായിരിക്കും നുണപരിശോധനയ്ക്ക് വിധേയരാക്കുക. വനിതാഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ, കഴിഞ്ഞ ഒരാഴ്ചയോളമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സി.ബി.ഐ. ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ മതിയായ പ്രതികരണമല്ല ലഭിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ടതിന് പിന്നാലെ വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍ക്ക് തെറ്റായ വിവരങ്ങളാണ് പ്രിന്‍സിപ്പല്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. പോലീസില്‍ പരാതിപ്പെടാനും വൈകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നുള്‍പ്പെടെ നിരന്തരം ചോദ്യം ഉയര്‍ന്നിരുന്നു. 'എന്തുകൊണ്ടാണ് പ്രിന്‍സിപ്പല്‍ എഫ്.ഐ.ആര്‍. രേഖപ്പെടുത്തുന്ന സമയത്ത് എത്താതിരുന്നത്? അദ്ദേഹത്തെ ആരെങ്കിലും അതില്‍ നിന്ന് തടഞ്ഞോ?' തുടങ്ങിയ കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഇന്ത്യയില്‍ ഓരോ ദിവസവും തൊണ്ണൂറോളം ബലാത്സംഗങ്ങളാണ് നടക്കുന്നതെന്നും ഇത് ഭയാനകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. കൊല്‍ക്കത്തയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മമതയുടെ കത്ത്.
'രാജ്യത്ത് ബലാത്സംഗ കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ പല കേസുകളിലും ബലാത്സംഗത്തിനൊപ്പം കൊലപാതകവും നടക്കുന്നതായാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും രാജ്യത്ത് തൊണ്ണൂറോളം ബലാത്സംഗ കേസുകളാണ് ഉണ്ടാകുന്നതെന്ന കാര്യം ഭയാനകമാണ്. ഇത് സമൂഹത്തിന്റേയും രാജ്യത്തിന്റേയും മനസാക്ഷിയേയും ആത്മവിശ്വാസത്തേയും ഉലയ്ക്കുന്നതാണ്. ഇതിന് അറുതി വരുത്തേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. അപ്പോഴേ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളതായി തോന്നൂ.' മമത ബാനര്‍ജി കത്തില്‍ പറഞ്ഞു.
അതീവ ഗൗരവതരമായ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും കുറ്റവാളെ മാതൃകാപരമായി ശിക്ഷിക്കുംവിധം കേന്ദ്രം നിയമം നിര്‍മ്മിക്കേണ്ടതുണ്ടെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു. ബലാത്സംഗ കേസുകള്‍ക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം. ഇത്തരം കേസുകളില്‍ വിചാരണ 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും മമത ബാനര്‍ജി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha