പാകിസ്താനിൽ 23 ബസ് യാത്രികരെ വെടിവച്ച് കൊന്ന് അജ്ഞാത അക്രമി സംഘം
പാകിസ്താനിൽ 23 ബസ് യാത്രികരെ വെടിവച്ച് കൊന്ന് അജ്ഞാത അക്രമി സംഘം. ബലൂചിസ്ഥാൻ പ്രവിശ്യയിലായിരുന്നു അതിക്രൂരമായ ഭീകരാക്രമണം നടന്നത്. ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ നിർബന്ധിച്ച് പുറത്തിറക്കിയ ശേഷം അവരുടെ തിരച്ചറിയൽ കാർഡ് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് പിന്നാലെയായിരുന്നു വെടിവച്ചുകൊന്നത്. തോക്കുധാരികളായ അജ്ഞാത സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ.
ബലൂചിലെ മുസാഖേൽ ജില്ലയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പഞ്ചാബ് പ്രവിശ്യയിൽ നിന്ന് വന്ന ബസിലെ യാത്രക്കാരെയാണ് അക്രമി സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ഇതേസമയം ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന മറ്റ് വാഹനങ്ങളും ഭീകര സംഘം തടഞ്ഞുനിർത്തിയിരുന്നു. പത്തോളം വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ഭീകരാക്രമണത്തെ അപലപിച്ച ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി, ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. ഭീകരരെ കണ്ടെത്തുമെന്നും കൊല്ലപ്പെട്ടവർക്ക് നീതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ബസ് തടഞ്ഞ് നിർത്തിയ ശേഷം ഭീകരർ യാത്രക്കാരുടെ രേഖകൾ പരിശോധിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതിന് പിന്നാലെ ആയിരുന്നു ആക്രമണം. ഇതിന് ശേഷം ഇവർ ഉടൻ തന്നെ പ്രദേശത്ത് നിന്നും രക്ഷപ്പെട്ടുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പരിക്കേറ്റർ ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha