ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്നടക്കമുള്ള ഭീഷണികളും സുരക്ഷ വർധിപ്പിക്കാൻ കാരണമായതായാണ് റിപ്പോർട്ട്...
പ്രമുഖർക്കെതിരെ പല ഭീഷണികളും വരാറുണ്ട്. അങ്ങനത്തെ സാഹചര്യത്തിൽ അവരുടെ സുരക്ഷ വർധിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മോഹൻ ഭാഗവതിന് നൽകിവന്നിരുന്ന സെഡ് പ്ലസ് സെക്യൂരിറ്റി, അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോണായി (എഎസ്എൽ) ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് നൽകിവരുന്ന സമാന സുരക്ഷയാണ് ആർഎസ്എസ് സർസംഘചാലകിന് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ അവലോകനത്തിലെ തീരുമാനപ്രകാരമാണ് മോഹൻ ഭാഗവതിന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോൺ സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചത്. ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കേന്ദ്ര നീക്കം. കൂടാതെ, തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്നടക്കമുള്ള ഭീഷണികളും സുരക്ഷ വർധിപ്പിക്കാൻ കാരണമായതായാണ് റിപ്പോർട്ട്. സുരക്ഷ വർധിപ്പിച്ച കാര്യം കേന്ദ്രം മുഴുവൻ സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചു.ഓഫീസർമാർ, സിഐഎസ്എഫ് ഗാർഡ്സ് എന്നിവരായിരുന്നു മോഹൻ ഭാഗവതിന് നൽകിവന്നിരുന്ന സെഡ് പ്ലസ് സെക്യൂരിറ്റിയിൽ ഉൾപ്പെട്ടിരുന്നത്.
മൾട്ടി ലെയർ എസ്പിജി സെക്യൂരിറ്റിയുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോണിൽ ജില്ലാ ഭരണകൂടം, പോലീസ്, ആരോഗ്യം തുടങ്ങിയ പ്രാദേശിക ഏജൻസികളുടെ പങ്കാളിത്തവുമുണ്ട്.കൂടാതെ, മറ്റ് കേന്ദ്ര ഏജൻസികളും ഭാഗമാകും.പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള ഹെലികോപ്ടറിലാണ് യാത്ര അനുവദിക്കുക. സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ദിവസങ്ങൾക്ക് മുൻപ് തന്നെ സുരക്ഷാ സേന എത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും അനുമതി നൽകുക.
https://www.facebook.com/Malayalivartha