ബെംഗളൂരുവില്‍ നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍
ബെംഗളൂരുവില്‍ നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐശ്വര്യയ്ക്കൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തിയതെന്ന് പോലീസ്.
സംഭവമിങ്ങനെ........ ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്സി ഡ്രൈവറായ കിരണും മൂന്നുവര്‍ഷം മുന്‍പാണ് പ്രണയിച്ച് കല്ല്യാണം കഴിച്ചത്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തു. നവ്യശ്രീ നൃത്തസംവിധായകയായി ജോലിചെയ്യുന്നത് കിരണിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കുണ്ടാക്കുമായിരുന്നു. മാത്രമല്ല, ഭാര്യയെ ഇയാള്‍ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് .
ഇന്നലെ പുലര്‍ച്ചെയോടെയാണ് കെംഗേരിയിലെ വീട്ടില്‍വെച്ച് കിരണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്നാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്.
ചൊവ്വാഴ്ച രാത്രി ബിയര്‍ കഴിച്ചശേഷം ഇരുവരും ഒരുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. ഇതിനിടെയാണ് കിരണ്‍ മുറിയില്‍ അതിക്രമിച്ചുകയറി ഭാര്യയെ കൊലപ്പെടുത്തിയത്. മദ്യപിച്ച് ഉറങ്ങിയതിനാല്‍ മുറിയിലുണ്ടായിരുന്ന ഐശ്വര്യ സംഭവമറിഞ്ഞിരുന്നില്ലെന്നാണ് സൂചനകളുള്ളത്.
ബുധനാഴ്ച രാവിലെ ഉറക്കമുണര്‍ന്നതോടെയാണ് ഒപ്പംകിടന്നിരുന്ന സുഹൃത്തിന്റെ മൃതദേഹം ചോരയില്‍കുളിച്ചനിലയില്‍ ഇവര്‍ കണ്ടത്. ഇതോടെ യുവതി ബഹളംവെച്ച് അയല്‍ക്കാരെ വിവരമറിയിച്ചു.
https://www.facebook.com/Malayalivartha