സൈബര്‍ ക്രൈം സംഘം ലാവോസില്‍ തടവിലാക്കിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ജോലി വാഗ്ദാനം ചെയ്ത് ലാവോസില്‍ എത്തിച്ച് തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘം തടവിലാക്കിയിരുന്ന 47 ഇന്ത്യക്കാര്‍ക്ക് പുതുജീവന്‍. ബൊക്കിയോ പ്രവിശ്യയിലെ സൈബര്‍ സ്‌കാം സെന്ററുകളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. ലാവോസിലെ ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഡേറ്റിങ് ആപ്പുകളില്‍ സ്ത്രീകളുടെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് നിരവധിപ്പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ജോലി വാഗ്ദാനം നല്‍കി ഇന്ത്യക്കാരെ ലാവോസിലേക്ക് ആകര്‍ഷിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. പിന്നാലെ തട്ടിപ്പുകാര്‍ ജോലി അന്വേഷിച്ച് വരുന്നവരുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കും. അതോടെ അവര്‍ക്ക് ഇവിടെനിന്ന് രക്ഷപ്പെടാന്‍ സാധിക്കാതെവരും. ശേഷം വ്യാജ സമൂഹമാധ്യമ പ്രൊഫൈലുകള്‍ വഴി ഇവരോട് സ്ത്രീകളെന്ന വ്യാജേന തട്ടിപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിക്കും. വ്യാജ ചിത്രങ്ങളും ഇതിനായി ഉപയോഗിക്കും. ദിനംപ്രതി ടാര്‍ഗറ്റുകള്‍ നല്‍കുകയും അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരെ ശിക്ഷിക്കുന്നതുമാണ് ഇവരുടെ രീതി. തൊഴില്‍ മോഹവുമായി രാജ്യത്തെത്തുന്ന പലര്‍ക്കും ഇത്തരം അനുഭവങ്ങളാണ് നേരിടേണ്ടിവരുന്നത്.
ഡേറ്റിങ് ആപ്പുകളില്‍ സത്രീകളെന്ന വ്യാജേന ചാറ്റ് ചെയ്ത് പലരേയും തട്ടിപ്പുകാര്‍ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ്ങില്‍ നിക്ഷേപിക്കാന്‍ പലരേയും ഇത്തരത്തില്‍ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്നും രക്ഷപ്പെട്ടുവന്നവര്‍ പറയുന്നു. കഴിഞ്ഞ മാസം ഇത്തരത്തില്‍ ലാവോസില്‍ അകപ്പെട്ട 13 ഇന്ത്യക്കാരെ ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തിയിട്ടുണ്ട്. ലാവോസ്, കംപോഡിയ എന്നിവിടങ്ങളില്‍നിന്ന് വരുന്ന ജോലിവാഗ്ദാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അവയില്‍ ചിലത് വ്യാജമാണെന്നും സൈബര്‍ അടിമകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യത്ത് കുടുങ്ങിക്കിടന്ന 635 ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha