പ്രതിരോധ മേഖലയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഇന്ത്യ...ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎന്‍എസ് അരിഘാത്... ശത്രു രാജ്യങ്ങൾക്കുള്ള താക്കീത്... മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്‌തത്...
പ്രതിരോധ മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് നമ്മുടെ രാജ്യം കാണിക്കുന്നത് . ശത്രുക്കളെ തുരത്തിയോടിക്കാൻ ഇന്ത്യ പുത്തൻ ആയുധങ്ങളുടെ നിർമ്മാണ പുരയിലാണ്. ആണവ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് വെളിവാക്കുന്ന രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎന്‍എസ് അരിഘാത് ഇന്നലെയാണ് നാവിക സേനയുടെ ഭാഗമായത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അന്തര്‍വാഹിനി സാങ്കേതികതയില്‍ മുൻഗാമിയായ ഐഎൻഎസ് അരിഹന്തിനെ കവച്ചുവയ്‌ക്കുന്നതാണ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത് 2016-ൽ ആണ് കമ്മിഷൻ ചെയ്‌തത്.
6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘാത്, മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്‌തത്. 112 മീറ്ററോളം നീളമാണ് അന്തർവാഹിനിക്കുള്ളത്. വിശാഖപട്ടണത്തെ കപ്പൽ നിർമാണ കേന്ദ്രത്തിൽ അതീവ രഹസ്യമായാണ് അരിഘാതിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.ഐഎന്‍എസ് അരിഘാതിന് നാല് വിക്ഷേപണ ട്യൂബുകളാണുള്ളത്. 12 കെ-15 സാഗരിക അന്തർവാഹിനി ബാലിസ്റ്റിക് മിസൈലുകൾ വരെ വഹിക്കാൻ അരിഘാതിന് കഴിയും. ഇതിന് 750 കിലോമീറ്റർ ദൂരപരിധി ഉണ്ട്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള നാല് കെ-4 എസ്എല്‍ബിഎമ്മുകളും അരിഘാതിലുണ്ട്.നൂതന സാങ്കേതിക വിദ്യയും എന്‍ജിനിയറിങ് രീതികളും ഉപയോഗിച്ചാണ് അരിഘാത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഉപരിതലത്തിൽ പരമാവധി 12-15 നോട്ട് (മണിക്കൂറില്‍ 22-28 കിലോമീറ്റര്‍) വേഗത കൈവരിക്കാനും വെള്ളത്തിനടിയിൽ 24 നോട്ട് (മണിക്കൂറില്‍ 44 കിലോമീറ്റര്‍)വരെയും കൈവരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. 'ശത്രുക്കളെ സംഹരിക്കുന്നവൻ' എന്നർഥമുള്ള സംസ്‌കൃത പദത്തിൽ നിന്നാണ് അരിഘാത് എന്ന് അന്തര്‍ വാഹിനിക്ക് പേര് നല്‍കിയിരിക്കുന്നത്.ഐഎന്‍എസ് അരിഘാത് ഇന്ത്യയുടെ ആണവ പ്രതിരോധം വർധിപ്പിക്കുമെന്നും മേഖലയിൽ സന്തുലിതാവസ്ഥയും സമാധാനവും സ്ഥാപിക്കാൻ സഹായിക്കുമെന്നുമാണ് കമ്മിഷനിങ് വേളയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്.ഇന്ത്യക്ക് കുറെ കാലമായി ഭീഷണിയായി ഉയർന്നു നിൽക്കുന്ന ചൈനക്കുൾപ്പെടെ ഇത് ഒരു താക്കീതായിട്ടാണ് ഇന്ത്യ ഇപ്പോൾ അന്തർവാഹിനി കമ്മീഷൻ ചെയ്തിരിക്കുന്നത് .
https://www.facebook.com/Malayalivartha