പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഝാർഖണ്ഡ്, ഗുജറാത്ത്, ഒഡിഷ സന്ദർശനത്തിന് നാളെ തുടക്കമാകും; 3800 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുതൽ 17 വരെ ഝാർഖണ്ഡ്, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. സെപ്തംബർ 15നു ഝാർഖണ്ഡിലേക്കു പോകുന്ന പ്രധാനമന്ത്രി, രാവിലെ പത്തിനു ഝാർഖണ്ഡിലെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ടാറ്റാനഗർ-പട്ന വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
രാവിലെ 10.30ന് അദ്ദേഹം 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഝാർഖണ്ഡിലെ ടാറ്റാനഗറിലെ 20,000 പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ (PMAY-G) ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ വിതരണം ചെയ്യും.
സെപ്റ്റംബർ 16നു രാവിലെ 9.45നു ഗാന്ധിനഗറിൽ പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. തുടർന്ന്, രാവിലെ 10.30നു ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നാലാമത് ആഗോള പുനരുപയോഗ ഊർജ നിക്ഷേപക സംഗമവും പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.45ന് അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും, സെക്ഷൻ 1 മെട്രോ സ്റ്റേഷനിൽനിന്ന് ഗിഫ്റ്റ് സിറ്റി മെട്രോ സ്റ്റേഷൻ വരെ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് അഹമ്മദാബാദിൽ 8000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
സെപ്റ്റംബർ 17നു പ്രധാനമന്ത്രി ഒഡിഷയിലേക്കു പോകും. രാവിലെ 11.15ന് അദ്ദേഹം പ്രധാനമന്ത്രി ആവാസ് യോജന - നഗര ഗുണഭോക്താക്കളുമായി സംവദിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ ഒഡിഷയിലെ ഭുവനേശ്വറിൽ 3800 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha