ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും
ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത് .ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും.
മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു. നിലവിൽ ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രിയാണ് അതിഷി മര്‍ലേന. എംഎല്‍എമാരുടെ യോഗത്തിനുശെഷം അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ദില്ലിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന.
11വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. നിലവിലെ മന്ത്രിസഭയിൽ 14 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. ദില്ലിയിലെ കല്‍കാജിയിൽ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.
ത്രേതായുഗത്തിൽ അന്തസ്സ് കാത്തുസൂക്ഷിക്കാൻ രാജ്യം ത്യജിച്ചയാളാണ് ശ്രീരാമനെന്നും രാമഭക്തനായ അരവിന്ദ് കെജ്രിവാൾ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുമെന്നും ആം ആദ്മി പാർട്ടി. എക്സ് പോസ്റ്റിലൂടെയാണ് ആപ്പിന്‍റെ പ്രസ്താവന.
'ചരിത്രത്തിലാദ്യമായി സത്യസന്ധതയുടെ പേരിൽ തെരഞ്ഞെടുപ്പു പോരാട്ടം നടക്കുകയാണ്. ത്രേതായുഗത്തിൽ ശ്രീരാമൻ അന്തസ്സിനു വേണ്ടി തന്‍റെ രാജ്യം ഉപേക്ഷിച്ചു. ഇപ്പോൾ ശ്രീരാമന്‍റെയും ഹനുമാന്‍റെയും ഭക്തനായ അരവിന്ദ് കെജ്രിവാൾ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയും. ജനങ്ങളുടെ കോടതിയിൽ വിജയിച്ചാലേ കെജ്‌രിവാൾ വീണ്ടും മുഖ്യമന്ത്രിയാകൂ' -ആം ആദ്മി പാർട്ടി പറഞ്ഞു.
മദ്യനയക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. രാജിക്കത്ത് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് കൈമാറും.
ജയിലിൽനിന്ന് പുറത്തുവന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനത്തിലൂടെ കെജ്രിവാൾ ഏവരെയും അമ്പരപ്പിച്ചത്. ഞായറാഴ്ച ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു രാജി പ്രഖ്യാപനം. രണ്ട് ദിവസത്തിനകം താൻ മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും ജനങ്ങൾ അവരുടെ വിധി പ്രഖ്യാപിക്കുന്നതുവരെ താനിനി ആ കസേരയിലിരിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കേവലം മാസങ്ങൾ അകലെയാണ്. കോടതിയിൽനിന്ന് നീതി ലഭിച്ച തനിക്കിനി ജനകീയ കോടതിയിൽ നിന്നും നീതി ലഭിക്കും-കെജ്രിവാൾ കൂട്ടിച്ചേർത്തു.
താനും ജനകീയ കോടതിയിൽ നിന്ന് വിധി വന്ന ശേഷമേ ഇനി മന്ത്രിപദത്തിലേക്ക് തിരിച്ചുവരൂ എന്ന് ഉപമുഖ്യമന്ത്രി പദം രാജിവെച്ച മനീഷ് സിസോദിയ പറഞ്ഞു.
https://www.facebook.com/Malayalivartha