പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച്... ഗണപതി പൂജ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി
ഒരു പൂജയില്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഇപ്പോള്‍ സജീവമായി ചര്‍ച്ചയാകുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ഗണപതി പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് തന്റെ പൂജയെ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി ഒഡീഷയില്‍ നടന്ന യോഗത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെത്തി മോദി നടത്തിയ പൂജ രാഷട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നു എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തിരിച്ചടിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പൂജ നടന്നത്. ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഇടയില്‍ വേണ്ട അതിര്‍വരമ്പ് പൂജക്കെത്തിയ മോദി ലംഘിച്ചു എന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഗണപതി പൂജയുടെ ഭാഗമായി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങുകള്‍ക്കാണ് പ്രധാനമന്ത്രി എത്തിയത്. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. പരിപാടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ അഭിഭാഷകരടക്കം കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു.
ദില്ലിയില്‍ നടന്ന വി എച്ച് പി പരിപാടിയില്‍ ഹിജാബ് വിലക്ക് ശരിവച്ച മുന്‍ ജഡ്ജി ഹേമന്ത് ഗുപ്ത പങ്കെടുത്തത്തും വിവാദമായിരുന്നു. ഇലക്ട്രല്‍ ബോണ്ടിലെ അടക്കം വിധികള്‍ വന്നപ്പോള്‍ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും ഇടപെടലിനെ പ്രതിപക്ഷവും കോണ്‍ഗ്രസ് അനുകൂല സാമൂഹ്യമാധ്യമങ്ങളും ഏറെ പുകഴ്ത്തിയിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയെ വീട്ടിലെ പൂജയ്ക്ക് ക്ഷണിച്ച ചീഫ് ജസ്റ്റിസിന്റെ ഈ അസാധാരണ നടപടി പ്രതിപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്.
'ഞാന്‍ ഗണപതി പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഗണപതിവിഗ്രഹത്തെ അഴിക്കുള്ളിലാക്കി. അധികാരത്തോട് ആര്‍ത്തിയുള്ളവര്‍ക്കാണ് ഗണേശ പൂജ പ്രശ്‌നമാകുന്നത്. ഗണേശോത്സവം ഞങ്ങള്‍ക്കു വെറുമൊരു വിശ്വാസത്തിന്റെ മാത്രം കാര്യമല്ല. സ്വാതന്ത്ര്യസമര കാലത്ത് ലോക്മാന്യ തിലക്, ഗണേശ പൂജയിലൂടെയാണു രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചത്. ഇന്നും ഗണേശ പൂജയില്‍ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നു. ബ്രിട്ടിഷുകാരുടെ കാലത്ത് ഗണേശോത്സവത്തിനെതിരെ പ്രശ്‌നമുണ്ടായിരുന്നു. ഇപ്പോള്‍ അതേ കാര്യത്തിന് സാക്ഷികളാകുകയാണ്. ഇന്നും സമൂഹത്തെ വിഭജിക്കേണ്ടവര്‍ക്ക് ഗണേശോത്സവത്തോട് പ്രശ്‌നമുണ്ട്. ഈ വിദ്വേഷം രാജ്യത്തിന് ഭീഷണിയാണ്'' മോദി പറഞ്ഞു.
സെപ്റ്റംബര്‍ 11നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ഭാര്യ കല്‍പന ദാസും സ്വന്തം വസതിയില്‍ ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെ വിവാദം ഉടലെടുക്കുകയായിരുന്നു. ജുഡീഷ്യറിയുടെ സുതാര്യതയെക്കുറിച്ചും പെരുമാറ്റച്ചട്ടത്തെക്കുറിച്ചും പ്രതിപക്ഷം ചോദ്യമുന്നയിച്ചിരുന്നു.
അതേസമയം ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വകര്‍മാവാക്കി പാലഭിഷേകം നടത്തി ബിജെപി പ്രവര്‍ത്തകര്‍. മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം. ഹിന്ദു വിശ്വാസ പ്രകാരം വിശ്വകര്‍മാവിനെ പ്രപഞ്ചശില്‍പിയായാണ് വിശ്വാസികള്‍ കരുതുന്നത്. മോദി ആധുനിക ഇന്ത്യയുടെ വിശ്വകര്‍മാവാണെന്ന് പറഞ്ഞായിരുന്നു പാലഭിഷേകം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക ഇന്ത്യയുടെ വിശ്വകര്‍മാവാണെന്നും ഇന്ത്യയുടെ പ്രശസ്തി ലോകമെങ്ങും എത്തിച്ചുവെന്നുമാണ് ബിജെപി പ്രവര്‍ത്തകരുടെ അവകാശവാദം. പട്‌നയിലെ വേദപാഠശാലയിലാണ് പാലഭിഷേക ചടങ്ങുകള്‍ നടന്നത്.....
"
https://www.facebook.com/Malayalivartha