പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ
സി പി ഐയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബോംബിട്ടു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബുവും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ തെറ്റി. സി. പി ഐക്ക് ഒരു ബഹുമാനവും നൽകാത്ത സി പി എമ്മിൻറെ കരാള ഹസ്തങ്ങളിൽ നിന്നും എത്രയും വേഗം പാർട്ടിയെ മോചിപ്പിക്കണമെന്നാണ് പ്രകാശ് ബാബു ഗ്രൂപ്പിൻറെ ആവശ്യം.എന്നാൽ എടുത്തു ചാടി ഒരു തീരുമാനം എടുക്കരുതെന്നാണ് ബിനോയ് വിശ്വത്തിൻ്റെ നിലപാട്. ചുരുക്കി പറഞ്ഞാൽ പിണറായി സി. പി. ഐയെ പിളർത്തിയാലും അത്ഭുതപ്പെടാനില്ല. ഇല്ലെങ്കിൽ പിണറായി സി.പി.ഐയുടെ സഞ്ചയനം കൊണ്ടാടും.
സി. പി ഐ യുടെ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കെ. പ്രകാശ് ബാബു സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ജനങ്ങൾക്ക് എതിരുള്ള ഉദ്യോഗസ്ഥരെ ജനങ്ങളുമായി ബന്ധമില്ലാത്ത തസ്തികയിലേക്ക് മാറ്റണമെന്നാണ് സി പി ഐ നേതാവിൻറെ നിലപാട്. ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹിയുമായി ചർച്ച നടത്തിയ ഉദ്യോഗസ്ഥനെ ആ തസ്തികയിൽ തന്നെ തുടരാൻ അനുവദിക്കുന്നത് തെറ്റാണെന്ന് പ്രകാശ് ബാബു പറഞ്ഞു. ബിനോയ് വിശ്വത്തിൻറെ എതിർപ്പ് അവഗണിച്ചാണ് പ്രകാശ് ബാബു ലേഖനം എഴുതിയത്. ബിനോയ് വിശ്വമാണ് ജനയുഗം ചീഫ് എഡിറ്റർ. ബിനോയ് പറഞ്ഞാലും പ്രകാശ് ബാബു എഴുതും. അതാണ് അവസ്ഥ.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എ ഡി ജി പി എം.ആർ അജിത്കുമാറിനെതിരായ നടപടി നീണ്ടുപോകരുതെന്ന് സിപിഐ നേതാവും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ പ്രകാശ് ബാബു പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ലേഖനം എഴുതിയതിന് പിന്നാലെയാണ് പ്രകാശ് ബാബു മാധ്യമങ്ങളെ വിളിച്ചു കൂട്ടി പിണറായിക്കെതിരെ സംസാരിച്ചത്. രണ്ടും കൽപ്പിച്ചാണ് പ്രകാശ് ബാബുവിൻറെ നീക്കങ്ങൾ. സി പി ഐ യു. ഡി എഫിലേക്ക് പോകാൻ തീരുമാനിച്ചാൽ ബിനോയ് വിശ്വം ഒറ്റയ്ക്കാവും. കാരണം സി പി ഐ നേതാക്കളെല്ലാം പ്രകാശ് ബാബുവിന് ഒപ്പമാണ്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത്ത് കുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ പ്രകാശ് ബാബു ഉറച്ചു നിൽക്കുകയാണ്. നടപടി വൈകുന്നതിനാലാണ് ഇത്തരം പ്രതികരണം നടത്തിയതെന്നും എഡിജിപിക്കെതിരെ നടപടി വേഗത്തിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
നടപടി വൈകുന്നതിനനുസരിച്ച് എൽഡിഎഫിനാണ് മങ്ങലേൽക്കുന്നത്. ആർഎസ്എസ് നേതാക്കളുമായി, ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി എന്ത് സംസാരിച്ചു, എന്തിന് വേണ്ടി സംസാരിച്ചു എന്നത് വ്യക്തമായില്ലെങ്കിൽ ജനങ്ങൾക്കിടയിൽ സംശയമുണ്ടാകും അതിനാലാണ് നടപടി നീളരുത് എന്ന് പറയുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു. ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ അന്വേഷണ റിപ്പോർട്ടിന്റെ ആവശ്യമില്ലെന്നും ഇത്തരം വിഷയം രാഷ്ട്രീയ വിഷയമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്നും കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ, ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്നും ലേഖനത്തിൽ പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു.
'ആർഎസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തിൽ പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദർഭത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ എന്തിനാണ് രഹസ്യമായി സന്ദർശിച്ചത് എന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താൻ സന്ദർശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞ പക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനേയോ രേഖാമൂലം അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്നും മാറ്റി നിർത്തണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.
പ്രകാശ് ബാബുവാണ് സി പി ഐ സംസ്ഥാന സെക്രട്ടറിയാകേണ്ടിയിരുന്നത്. എന്നാൽ പിണറായിയാണ് അദ്ദേഹത്തെ വെട്ടിയത്. കാനത്തിൻറെ ആഗ്രഹം അനുസരിച്ചാണ് ബിനോയിയെ പിണറായിയുടെ കൂടെ നിർദ്ദേശാനുസരണം സംസ്ഥാന സെക്രട്ടറിയാക്കിയത്.
പിണറായിയെയും കാനത്തെയും മൊഴി ചൊല്ലാൻ സി പി ഐ യിലെ ഒരു വിഭാഗം നേതാക്കൾ മുമ്പ് തീരുമാനിച്ചതാണ്. . മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ മർദ്ദിച്ച കേസ് ബി ജെ പിയുമായി ഒത്തുചേർന്ന് സി പി എം ഒതുക്കിയതിലുള്ള വിരോധമാണ് ഒരു വിഭാഗം നേതാക്കളെ പിണറായിക്കും കാനത്തിനും എതിരാക്കിയത്.എന്നാൽ അന്ന് കാനം പിണറായിയുടെ അടിമയാവുകയും പാവം സി പി ഐക്കാരെ ബലിയാടാക്കുകയും ചെയ്തു. അജിത്തിനെ പ്രകാശ് ബാബു ലക്ഷ്യമിടുന്നത് പിണറായിയെ ഇല്ലാതാക്കാനാണ്.
ആനി രാജക്കെതിരെ ബിനോയ് വിശ്വം അടുത്ത കാലത്ത് രൂക്ഷമായി പ്രതികരിച്ചിരുന്നു. യു.ഡി.എഫ്. ലയന ചർച്ചകളിൽ നിന്നും ബിനോയ് വിശ്വം ക്ലീൻ ഔട്ടായിരിക്കുകയാണ്. അതായത് രണ്ടാം പിണറായി സർക്കാരിന് ശേഷം വലതു മുന്നണി അധികാരത്തിലെത്തിയാൽ സി പി ഐ അതിൽ ഘടകകക്ഷിയായിരിക്കും.
ഇത്രയും കാലം ബിനോയിക്കൊപ്പം നിന്ന സി പി ഐ ക്കാരെല്ലാം തിരിഞ്ഞിരിക്കുകയാണ്. സി. പി എം നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ തുടരരുതെന്നാണ് ഭൂരിപക്ഷം സി പി ഐ നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. ബിനോയിയുടെ എതിർപക്ഷത്താണ് ദേശീയ നേതൃത്വമുള്ളത്. ബിനോയിയെ ഇല്ലാതാക്കാനുള്ള സംസ്ഥാന നേതാക്കളുടെ നീക്കത്തിന് കേന്ദ്ര നേതൃത്വത്തിൻറെ പൂർണ പിന്തുണയുണ്ട്.
മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ കൂറുമാറിയ സിപിഎം പ്രവര്‍ത്തകരാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. സി പി എം പ്രവർത്തകരെ വിമർശിച്ച സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം പിന്തുണച്ചില്ല. താന്‍ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള നേതാവാണ് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കേസില്‍ സംഭവിച്ചതെന്തെന്നു പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും കാനം പറഞ്ഞു.
കൂറുമാറിയ സിപിഎം പ്രവര്‍ത്തകരെ പ്രകാശ് ബാബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ നിലപാട്? സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരിക്ക് പറ്റിയിരുന്നു.
പൊലീസ് കേസെടുത്തു. ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആർഎസ്എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരിക്ക് പറ്റിയ സിപിഎം നേതാവ് ഉൾപ്പടെയുള്ള എല്ലാ സിപിഎം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്, കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സിപിഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസ്യമാണ്. സിപിഎം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.എന്നാൽ സി പി എം ഇതിനെ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.
മുമ്പ് കെ.ഇ.ഇസ്മായിൽ വിഭാഗക്കാരനായിരുന്നു പ്രകാശ് ബാബു. സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെയാണ് സി.പി.ഐയില്‍ ചേരിമാറ്റമുണ്ടായത്. ഔദ്യോഗിക പക്ഷത്തിനെതിരെ ജില്ലാ സമ്മേളനങ്ങളില്‍ നീക്കം നടത്തിയിരുന്ന കെ.ഇ ഇസ്മയില്‍ പക്ഷത്ത് വിള്ളല്‍ വീഴ്ത്തിയാണ് , അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു കാനത്തിനൊപ്പമെത്തിയത്.അതേ പ്രകാശ് ബാബുവിനെ പിന്നീട് കാനം വെട്ടിയൊതുക്കി .
പ്രായപരിധി നിര്‍ബന്ധമാക്കുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കാനത്തിന് വേണ്ടി സംസ്ഥാന കൗണ്‍സിലില്‍ മറുപടി പറഞ്ഞാണ് പ്രകാശ്ബാബുവിന്റെ ചേരിമാറ്റം നടത്തിയത്.. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഇത്.
സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കാന്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് പ്രകാശ് ബാബു കാനം പക്ഷത്തേക്ക് എത്തിയത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് കോട്ടയം ജില്ലാ സെക്രട്ടറി വി.ബി ബിനുവാണ് പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വിമര്‍ശനം സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ത്തിയത്.
പ്രായപരിധി കര്‍ശനമാക്കുന്നത് കാനത്തിന്‍റെ താല്പര്യമെന്ന ലക്ഷ്യം വച്ചായിരുന്നു വിമര്‍ശനം. വിമര്‍ശനത്തിന് മറുപടി പറയേണ്ട കാനം രാജേന്ദ്രന്‍ മൗനം പാലിച്ചു. എന്നാല്‍ ഇസ്മയില്‍ വിഭാഗത്തെ ഞെട്ടിച്ചാണ് കാനത്തെ പിന്തുണച്ച് പ്രകാശ്ബാബു കാനത്തിന് വേണ്ടി മറുപടി പറഞ്ഞത്. പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും അത് ഭരണഘടന വിരുദ്ധമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മയില്‍ പക്ഷം പ്രകാശ് ബാബുവിനെ മത്സരിപ്പിക്കുമോ എന്നുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായിരിക്കെയാണ് എതിര്‍ചേരിയെ പിളര്‍ത്തി പ്രകാശ് ബാബു കാനത്തിനൊപ്പം ചേര്‍ന്നത്. ഇതോടെയാണ് കാനത്തിന് സെക്രട്ടറി സ്ഥാനത്തേക്ക് വെല്ലുവിളിയില്ലാതായത്..
12 ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയപ്പോള്‍ ബഹുഭൂരിപക്ഷം ജില്ലകളിലും കാനം രാജേന്ദ്രന്‍ സ്വാധീനം ഉറപ്പിച്ചത് ഇസ്മയില്‍ പക്ഷത്ത് വിള്ളലിന് കാരണമായി. കൊല്ലം ജില്ലയില്‍ ഇസ്മയിലിനും പ്രകാശ്ബാബുവിനും ഒപ്പം നിന്ന പി.എസ് സുപാലിനെ സ്വന്തം ക്യാമ്പിലെത്തിച്ച് സെക്രട്ടറിയാക്കിയാണ് എതിര്‍ചേരിയില്‍ വിള്ളലിന് കാനം നീക്കം തുടങ്ങിയത്. ശക്തികേന്ദ്രമായ കോട്ടയത്തും ഇടുക്കിയിലും ഔദ്യോഗിക പക്ഷത്തെ തോല്‍പ്പിച്ചെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ ഏറ്റുമുട്ടാന്‍ ഇസ്മയില്‍ പക്ഷത്തിന് ഏറ്റുമുട്ടാന്‍ പ്രാപ്തി കുറഞ്ഞു.ഇത് തന്നെയാണ് കാനത്തിൻ്റെ അഹങ്കാരത്തിനുള്ള കാരണം.
കാനം പിണറായിയുടെ അടിമയായെങ്കിലും സി പി ഐ ക്കാർക്ക് അദ്ദേഹത്തെ തൊടാൻ ഭയമായിരുന്നു. പിണറായിയുടെ അപ്രമാദിത്തം തന്നെയായിരുന്നു കാരണം.
പിണറായി കാനത്തിൻ്റെ അഴിമതികൾ കണ്ടെത്തിയെന്നും ഇക്കാര്യം പറഞ്ഞ് കാനത്തെ പിണറായി ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും സി പി ഐ കാർക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു.. സി പി ഐ എക്കാലത്തും അഴിമതിക്കെതിരെയാണ് നീങ്ങുന്നത്. എന്നാൽ കാനം വന്നതോടെ സി പി ഐ നേതാക്കളും അഴിമതിക്കാരായെന്ന് സി പി ഐ സമ്മേളനങ്ങളിൽ അഭിപ്രായമുയർന്നു
മുട്ടിൽ മരം മുറിയിൽ കാനം രാജേന്ദ്രൻ ആരോപണ വിധേയനായിരുന്നു. അന്നത്തെ വനം മന്ത്രി രാജുവിൻ്റെ ഒത്താശയോടെ മരം മുറി നടന്നു എന്നായിരുന്നു ആരോപണം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികൾക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് മുട്ടിൽ മരംമുറി സംഘടിപ്പിച്ചത്. ആഭ്യന്തര വകുപ്പിൻ്റെ ഒത്താശയില്ലാതെ മരം കടത്താൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ വനം മന്ത്രി അറിയാതെ മരംമുറി നടക്കില്ല. കോവിഡ് വ്യാപന കാലത്താണ് കോടിക്കണക്കിന് രുപയുടെ തടിയുമായി ലോറി എറണാകുളത്തെത്തിയത്. മരംമുറി വിവാദമായപ്പോൾ തന്നെ അന്നത്തെ റവന്യുമന്ത്രി കെ.ചന്ദ്രശേഖരൻ കുറ്റമേറ്റു. പാർട്ടിയുടെ സമ്മർദ്ദം കാരണമാണ് പൊതുവേ അഴിമതിക്കാരനല്ലാത്ത ചന്ദ്രശേഖരൻ കുറ്റമേറ്റത്. നിയമവകുപ്പിൻ്റെ അറിവു പോലുമില്ലാതെയാണ് 2400 മരങ്ങൾ മുറിച്ചത്.
കാനം രാജേന്ദ്രൻ്റെ കൂടി അറിവോടെയാണ് മുട്ടിൽ മരംമുറി നടന്നതെന്നത് സി പി എമ്മുകാർ പോലും സമ്മതിക്കുന്നുണ്ട്. കാലങ്ങളായി വനം വകുപ്പ് ഭരിക്കുന്നത് സി പി ഐയാണ്: എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു തർക്കവുമില്ലാതെയാണ് സി പി ഐ, വനം വകുപ്പ് എൻ.സി.പിക്ക് വിട്ടുകൊടുത്തത്. ഇത് അഴിമതിയിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമായിരുന്നു. മുട്ടിൽ മരംമുറിയെ കാനം നേരിട്ടെത്തിയാണ് ന്യായീകരിച്ചത്.
സി പി ഐ യുടെ വകുപ്പുകളായ വനം, റവന്യു വകുപ്പുകളെ ഉപയോഗിച്ചാണ് മുട്ടിൽ മരം മുറിയിൽ പിണറായി കളിച്ചത്.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ മരം മുറിച്ചതെന്ന സി പി ഐ യുടെ ന്യായം ആദ്യഘട്ടത്തിൽ തന്നെ തകർന്നു. മുട്ടിൽ മരം മുറിയിൽ പിണറായി സി പി ഐ യെ തീർത്തും അപകടത്തിലാക്കുകയായിരുന്നു.ഇത് പിണറായിയുടെ ബ്ലാക്ക് മെയിൽ തന്ത്രമായിരുന്നു. മുട്ടിൽ വന്നതോടെയാണ് കാനം മുട്ടിലിഴയാൻ തുടങ്ങിയത്.
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സാജനെ സസ്പെൻറ് ചെയ്തത് പോലും പാടുപെട്ടാണ്. മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയത് എ കെ ശശീന്ദ്രൻ മന്ത്രിയായ വനം വകുപ്പാണ്. ചീഫ് സെക്രട്ടറിക്കാണ് ശുപാർശ കൈമാറിയത്. അന്വേഷണം വഴി തെറ്റിക്കാൻ സാജൻ ശ്രമിച്ചതായും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
കാനത്തെ നിർണായക ഘട്ടത്തിൽ സഹായിച്ച പ്രകാശ് ബാബുവിനാണ് ഇപ്പോൾ ബിനോയി വിശ്വം വെല്ലുവിളിയായത്. കാനത്തിന്റെ കാലത്ത് എന്നതു പോലെ സി.പി.ഐയിൽ വീണ്ടും അടി മുറുകുകയാണ്. ഒടുവിൽ പിണറായിക്കൊപ്പം ബിനോയ് മാത്രമായി തീരും. ബാക്കിയുള്ളവരെല്ലാം യുഡി എഫിൽ ചേക്കേറും. അങ്ങനെ സി പി ഐ യിൽ അടിയുണ്ടാക്കുക എന്ന പിണറായി തന്ത്രം വിജയിച്ചിരിക്കുന്നു. സി.പി എം നേതാവ് എ.കെ. ബാലൻ പ്രകാശ് ബാബുവിനെ തിരെ രംഗത്ത് വന്നതും ഇതേ തന്ത്രത്തിൻ്റെ ഭാഗമായാണ് .
https://www.facebook.com/Malayalivartha