റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ
റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാണുണ്ടായ വലിയ കുഴിയില്‍ പെട്ട് ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ ആണ് പൂനെയിലെ ബുധ്വാര്‍ പേത്ത് പ്രദേശത്ത് റോഡിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയിലേക്ക് പൂര്‍ണ്ണമായും പതിക്കുകയായിരുന്നു. പിന്‍ഭാഗത്തെ നിലം പെട്ടന്ന് പൊടിഞ്ഞ് താഴുകയും ലോറിയുടെ പിന്‍ചക്രങ്ങള്‍ അതിലേക്ക് വീണു പോകുന്നതും പിന്നീട് പടിപടിയായി ലോറിയുടെ പകുതിയും ഒടുവില്‍ മുഴുവന്‍ ഭാഗവും കുഴിയിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാനാകും. ഇന്നലെ വൈകിട്ട് നാലു മണിയോടെ നടന്ന സംഭവം ജനസാന്ദ്രതയുള്ള പ്രദേശത്തെ താമസക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്റര്‍ലോക്ക് കട്ട വിരിച്ചിരിക്കുന്ന ഭാഗത്താണ് തകര്‍ച്ച. സംഭവത്തില്‍ ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാട്ടര്‍ ടാങ്കറിന്റെ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെളിവെള്ളം നിറഞ്ഞ ഓടയില്‍ ലോറി പൂര്‍ണ്ണമായും മുങ്ങിപ്പോയില്ല. അതേസമയം ലോറിയുടെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ പൂര്‍ണ്ണമായും മുങ്ങിയപ്പോള്‍ ലോറിയുടെ മുന്‍ ഭാഗം ഉയര്‍ന്ന് നിലത്തോട് സമാന്തരമായി നില്‍ക്കുന്ന അവസ്ഥയിലാണ്. ട്രക്ക് പൂര്‍ണ്ണമായും മുങ്ങിപ്പോകാതിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് രക്ഷപ്പെടാനായി. ഓട വൃത്തിയാക്കല്‍ ജോലിക്കായി കൊണ്ടുവന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.
പൂനെ ഭൂഗര്‍ഭ മെട്രോയുടെ നിര്‍മ്മാണത്തിന് സമീപമാണ് സംഭവം നടന്നിരിക്കുന്നത്. ഇത് പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണമായോ എന്ന ചോദ്യമുയര്‍ത്തുകയാണ്. എന്നിരുന്നാലും, നേരിട്ടുള്ള ബന്ധമൊന്നും അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഗര്‍ത്തം ഉണ്ടായതിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. തകര്‍ച്ചയെ തുടര്‍ന്ന് ബുധ്വാര്‍ പേത്ത് പ്രദേശത്തെ നിവാസികള്‍ പൊതു സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നഗരസഭാധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ജനസാന്ദ്രതയുള്ള പ്രദേശമായതിനാല്‍, കൂടുതല്‍ റോഡ് തകരുന്നത് ഉടനടി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പലരും ഭയപ്പെടുന്നു.
https://www.facebook.com/Malayalivartha