ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇത്തരത്തില്‍ ഒരധിനിവേശം ഇനി രാജ്യത്ത് ആവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനവുമായി
ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇത്തരത്തില്‍ ഒരധിനിവേശം ഇനി രാജ്യത്ത് ആവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. എന്നാല്‍ ഇസ്രയേലുമായി ഒരു നീണ്ട യുദ്ധത്തിന് തന്നെയാണ് തങ്ങള്‍ തയ്യാറെടുക്കുന്നത് എന്നാണ് ഹമാസ് നേതൃത്വം വ്യക്തമാക്കുന്നത്.
മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു ഇനിയൊരു അധിനിവേശം ഉണ്ടാകില്ല എന്ന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഭാവിതലമുറയുടെ സുരക്ഷ മുന്‍നിര്‍ത്തി വിപുലമായ സെക്യൂരിറ്റി സംവിധാനങ്ങളാണ് ഇസ്രേയലില്‍ നടപ്പാക്കാന്‍ പോകുന്നതെന്നും നെതന്യാഹു മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. നെതന്യാഹുവിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഹമാസിന്റെ വക്താവായ അബു ഒബീദ ശത്രുവിനെ അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒരു തിരിച്ചടി തങ്ങള്‍ നല്‍കുമെന്ന പ്രസ്താവന നടത്തി.
എത്ര നാള്‍ യുദ്ധം നീണ്ട് നിന്നാലും ഹമാസിന് അത് പ്രശ്നമല്ലെന്നും ഒബീദ മുന്നറിയിപ്പ് നല്‍കി. കൂടാതെ ഇ്സ്രയേല്‍ ജനതയെ വൈകാരികമായി തളര്‍ത്തുന്ന ഒരു കാര്യം കൂടി ഹമാസ് നേതാവ് വെളിപ്പെടുത്തി. തങ്ങളുടെ കൈവശമുളള ഇസ്രയേല്‍ തടവുകാരുടെ സ്ഥിതി അങ്ങേയറ്റം ദയനീയമാണെന്ന് ഒബീദ പറഞ്ഞു. ബന്ദികള്‍ ശാരീകമായും മാനസികമായും ആകെ തകര്‍ന്ന അവസ്ഥയിലാണെന്നും ഹമാസ് വക്താവ് പറഞ്ഞു. അതിനിടെ ഇറാന്‍ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ ന്യായീകരിച്ച് കൊണ്ട് പ്രസ്താവന നടത്തി. പാലസ്തീന്‍ പോരാട്ടത്തിലെ ചരിത്രപരമായ വഴിത്തിരിവ് എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഇറാന്‍ ഇസ്രയേലിലേക്ക് 181 ഓളം മിസൈലുകള്‍ അയച്ചത്. ഈ മിസലാക്രമണം ഇറാന്‍ പിന്തുണ നല്‍കുന്നവരെ വധിച്ച ഇസ്രേയലിനുള്ള തിരിച്ചടി എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചതും. തങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ യാതൊരു തരത്തിലും ഭയമില്ലെന്നും ഇറാന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ മേഖലയില്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നത് കൊണ്ടാണ് തങ്ങള്‍ യുദ്ധത്തിന് തയ്യാറാകാത്തത്് എന്നുമാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
തീവ്രവാദികള്‍ തങ്ങളുടെ രാജ്യത്തേക്ക് ഇരച്ചു കയറി നിരവധി പേരെ വധിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ പോലും ഇസ്രേയലിന് ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്ന ചടങ്ങുകളില്‍ പോലും ആക്രമണ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വെയ്ക്കേണ്ട സ്ഥിതി വന്നിരുന്നു.
ഇസ്രയേലിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹൈഫക്ക് നേരേ ഹിസ്ബുള്ള ഭീകരര്‍ അതിരൂക്ഷമായ ആക്രമണം നടത്തുകയും ചെയ്തു. അതിനിടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ പുതിയ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടു.
https://www.facebook.com/Malayalivartha