പടക്കനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 9 മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മരണം...
പടക്കനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 9 മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മരണം... തിരുപ്പൂര്‍ പാണ്ഡ്യന്‍ നഗര്‍ പൊന്നമ്മാള്‍ വീഥിയിലെ വീട്ടിലാണ് സ്‌ഫോടനം സംഭവിച്ചത്. കണ്ണന്‍ എന്ന കുമാര്‍ (23), 9 മാസം പ്രായമായ ആലിയാ ഷെറിന്‍, തിരിച്ചറിയാത്ത ഒരു യുവതി എന്നിവരാണു മരിച്ചത്.
വീട്ടുടമ കാര്‍ത്തിയുടെ ബന്ധു ഈറോഡ് നമ്പിയൂരില്‍ പടക്കവില്‍പന നടത്തുകയാണ്. ഇയാളുടെ കട അധികൃതര്‍ അടച്ചുപൂട്ടിയതോടെ കുറച്ചു മാസങ്ങളായി കാര്‍ത്തിയുടെ വീട്ടിലാണ് അനധികൃതമായി പടക്കനിര്‍മാണം നടത്തിയിരുന്നത്.
ദീപാവലിയും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചതിനാല്‍ കൂടുതല്‍ പടക്ക നിര്‍മാണ സാമഗ്രികള്‍ വീട്ടിലുണ്ടായിരുന്നു. ഇതാണ് ആഘാതമേറിയത്.
സ്‌ഫോടനത്തില്‍ കാര്‍ത്തിയുടെ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. കൂടാതെ അടുത്തുള്ള മറ്റ് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.
അപകടത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ ശരീരം ചിന്നച്ചിതറിയ നിലയിലായിരുന്നു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടങ്ങി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കണ്ണനെ (23) കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇരുവരും പടക്ക നിര്‍മാണ തൊഴിലാളികളാണ്. സ്ഫോടനം നടന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ മുഹമ്മദ് ഹുസൈന്റെ കുഞ്ഞാണ് കൊല്ലപ്പെട്ട ആലിയ. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്‌ഫോടനത്തില്‍ 14പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ആറു പേര്‍ കുട്ടികളാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് തെരുവില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു . സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha