രണ്ട് ആണവ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കാനും യു.എസില്‍ നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുമുള്ള കരാറുകള്‍ക്ക് അനുമതി നല്കി സുരക്ഷാ കാബിനറ്റ് കമ്മിറ്റി
രണ്ട് ആണവ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കാനും യു.എസില്‍ നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുമുള്ള കരാറുകള്‍ക്ക് അനുമതി നല്കി സുരക്ഷാ കാബിനറ്റ് കമ്മിറ്റി.
നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകള്‍ വാങ്ങുന്നത്. 80,000 കോടി രൂപയുടേതാണ് കരാര്‍. വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിങ് സെന്ററില്‍ രണ്ട് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിന് ഏകദേശം 45,000 കോടി രൂപ ചിലവ് വരും.
അമേരിക്കന്‍ ജനറല്‍ അറ്റോമിക്സില്‍ നിന്നാണ് 31 ഡ്രോണ്‍ വാങ്ങിക്കുന്നത്. ഇതിനായി ഇന്ത്യയും യു.എസും കരാര്‍ ഒപ്പുവെക്കുകയും ചെയ്യും. കരാര്‍ ഒപ്പുവെച്ച് നാലുവര്‍ഷത്തിനു ശേഷമാകും ഡ്രോണുകളുടെ വിതരണം തുടങ്ങുക. 31 ഡ്രോണുകളില്‍ നാവികസേനയ്ക്ക് 15 എണ്ണവും കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതവുമായിരിക്കും കിട്ടുക.
ജനറല്‍ അറ്റോമിക്സ് നിര്‍മിച്ച അമേരിക്കന്‍ ആളില്ലാവിമാനമാണ് പ്രിഡേറ്റര്‍ ഡ്രോണ്‍. ഉത്തര്‍പ്രദേശില്‍ കര, വ്യോമ സേനകള്‍ ചേര്‍ന്ന് ഡ്രോണുകള്‍ക്കായി ബേസ് സ്റ്റേഷന് ഒരുക്കും.
https://www.facebook.com/Malayalivartha