മുഖ്യമന്ത്രിക്കെതിരെ ധനമന്ത്രിയുടെ കരുനീക്കം : പിണറായിയുടെ മേളപ്രമാണിമാർക്കെതിരെ അന്വേഷണം
മുഖ്യമന്ത്രി പിണറായി വിജയൻറെ വകുപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ധനവകുപ്പിന് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ നടപടി എന്നതിനർത്ഥം മുഖ്യമന്ത്രിക്കെതിരെ നടപടി എന്നാണ്. ഇക്കാര്യം വകുപ്പിലെ പ്രമുഖർ ചൂണ്ടിക്കാണിച്ചെങ്കിലും ധനമന്ത്രി പിന്നോട്ടില്ല. പി. ആർ. ഡിയിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനാണ് ധനമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. പി. ആർഡി എന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തർ ജോലി ചെയ്യുന്ന സ്ഥലമാണ്. സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ കേരളീയം പരിപാടിയിലെ അഴിമതികൾ അന്വേഷിക്കാനാണ് മന്ത്രി ബാലഗോപാൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
അന്വേഷണം സത്യസന്ധമായി നടന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ കുടുങ്ങും. ഇതിൽ ഒരു ഉന്നതൻ്റെ മകനെതിരെയാണ് പ്രധാനമായും ആരോപണം ഉയർന്നിരിക്കുന്നത്. ഉന്നതന്റെ മകനും പി. ആർ.ഡിയിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് കേരളീയം പരിപാടിയിൽ കോടികൾ അടിച്ചു മാറ്റിയെന്നാണ് ആരോപണം. മലയാള മനോരമയാണ് ഇതിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള ‘കേരളീയ’ത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ധന, ഓഡിറ്റ് വകുപ്പുകൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽനിന്നു (പിആർഡി) വിശദീകരണം തേടി. കൂടുതൽ വിവരങ്ങൾ നൽകാൻ കേരളീയം എക്സിബിഷൻ കമ്മിറ്റിയോടാണ് ഓഡിറ്റ് വകുപ്പ് ആവശ്യപ്പെട്ടത്. പരിപാടിക്ക് ആകെ ചെലവിട്ട തുക സംബന്ധിച്ചും ഓഡിറ്റ് വകുപ്പ് വിവരങ്ങൾ തേടിയിരുന്നു. പരിപാടിയുടെ സ്പോൺസർമാരെ കുറിച്ചും അവർ വാഗ്ദാനം ചെയ്ത തുകയും സംബന്ധിച്ച വിവരങ്ങളാണു ധനവകുപ്പ് തേടിയത്.
പിആർഡി 10 മാസമായി പിടിച്ചുവച്ചിരുന്ന കേരളീയം ബില്ലുകൾ ഈയിടെ തിടുക്കത്തിൽ പാസാക്കാൻ നീക്കം നടന്നിരുന്നു. ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണം വരുന്നതിനു മുൻപു ബില്ലുകൾ പാസാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രധാനിയും അവിടെ ജോലി ചെയ്യുന്ന ചില പിആർഡി ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ സമ്മർദമാണു വേഗത്തിലുള്ള ബിൽ പാസാക്കലിനു പിന്നിലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ്റെ മകനാണ് ക്രമക്കേടിന് പിന്നിലുള്ളത്.
നവകേരള സദസ്സിന്റെയും കേരളീയത്തിന്റെയും പ്രചാരണവും സംഘാടനവും ഉൾപ്പെടെ പ്രധാന ജോലികൾ നടത്തിയതു ഭരണപക്ഷ പാർട്ടി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളാണ്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ മകന്റെ സ്ഥാപനവും ഉൾപ്പെടുമെന്നാണ് പത്രവാർത്ത.
കോഴിക്കോട്ടെ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കും കൊച്ചിയിലെ പരസ്യ ഏജൻസിക്കും സമൂഹമാധ്യമ പ്രചാരണത്തിന്റെ ബില്ലുകൾ പാസാക്കി നൽകിയിട്ടുണ്ട്. പണം ലഭിച്ച മറ്റൊരു സ്ഥാപനവുമായി ഒരു പിആർഡി ഉദ്യോഗസ്ഥനു ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. 2023 ഒക്ടോബറിലായിരുന്നു കേരളീയം. ഇതിന്റെ ബില്ലുകൾ മാർച്ചിനു മുൻപു പാസാക്കേണ്ടതായിരുന്നു. എന്നാൽ, വ്യവസ്ഥകൾ പാലിച്ചില്ലെന്നു കണ്ടെത്തിയാണ് പിആർഡി ഡയറക്ടർ ബില്ലുകൾ പിടിച്ചുവച്ചത്. പിന്നീട് സമ്മർദമുണ്ടായപ്പോൾ പാസാക്കിയെന്നാണു വിവരം. കഴിഞ്ഞ കുറെ വർഷങ്ങളായി സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന പി. ആർ.ഡി. ഉദ്യോഗസ്ഥന് സ്വന്തമായി കമ്പനിയു ണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
സി പി എം ബന്ധമുള്ളരാണ് നവകേരള സദസ്സിന്റെയും കേരളീയത്തിന്റെയും പ്രചാരണം നിർവഹിച്ചത്. കോഴിക്കോട്ടെ ഇവന്റ് മാനേയ മാനേജ്മെന്റ് കമ്പനിയും കൊച്ചിയിലെ പരസ്യ ഏജൻസിയും സമൂഹ മാധ്യമ ബില്ലുകൾ പാസാക്കിയെടുത്തു. പണം ലഭിച്ച മറ്റൊരു സ്ഥാപനത്തിന് പി.ആർ.ഡി ഉദ്യോഗസ്ഥനുമായി ബന്ധമുണ്ട്. 2023 ഒക്ടോബറിലായിരുന്നു കേരളീയം നടന്നത്. പി. ആർ. ആർ.ഡി. ഡയറക്ടറാണ് ആദ്യം ബില്ലുകൾ പിടിച്ചു വച്ചത്. പിന്നീട് സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് ബില്ലുകൾ പാസാക്കിയത്. കേരളീയം സർക്കാരിൻ്റെ ഒന്നാന്തരം ഹുഡായിപ്പ് പരിപാടിയായിരുന്നു. ഇക്കാര്യം അറിഞ്ഞയുടനെയാണ് ധനമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ആദ്യ കേരളീയത്തിന്റെ വരവ് ചെലവ് കണക്കുകള് പുറത്തുവിടാതെയാണ് സര്ക്കാര് കേരളീയത്തിന്റെ രണ്ടാം എഡിഷൻ നടത്തിയത്. . വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില് നിന്ന് സ്പോണ്സര്ഷിപ്പിലൂടെ ലഭിച്ച പണത്തിന്റെയും വ്യക്തമായ കണക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില് നട്ടംതിരിയുന്നിതിനിടെ കേരളീയം നടത്തണോ എന്ന ചോദ്യങ്ങളാണ് ഉയർന്നത്.
2023 നവംബറിലായിരുന്നു ആദ്യ കേരളീയം അരങ്ങേറിയത്. ഇതുവരെ വരവ് ചെലവ് കണക്കുകള് കൃത്യമായി പുറത്ത് വന്നിട്ടില്ല. 27 കോടിരൂപയാണ് കേരളീയത്തിനായി സര്ക്കാര് നീക്കിവെച്ചത്. സ്പോണ്സര്ഷിപ്പിലൂടെയും പണം സമാഹരിച്ചു. വിവിധ സ്ഥാപനങ്ങളില് നിന്ന് സ്പോണ്സര്ഷിപ്പിലൂടെ 11,47,12,000 രൂപ ലഭിച്ചെന്നാണ് മുഖ്യമന്ത്രി നിയമസഭയില് അറിയിച്ചത്. 2024 മെയ് മാസം വരെ പ്രത്യേക അക്കൌണ്ടിലേക്ക് വന്ന തുകയാണിത്. പൂര്ണമായ കണക്ക് ക്രോഡീകരിച്ച് വരുന്നതേയുളളൂ എന്നും മുഖ്യമന്ത്രി നിയമസഭയിലെ മറുപടിയില് പറഞ്ഞു.
പ്രധാന സ്റ്റേജായിരുന്ന സെന്ട്രല് സ്റ്റേഡിയത്തിലെ കലാപരിപാടികള്ക്ക് മാത്രം 1.55 കോടി ചെലവായെന്ന് സര്ക്കാര് വെളിപ്പെടുത്തിയരുന്നു. തലസ്ഥാന നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും കലാപരിപാടി അരങ്ങേറി. അതിന്റയൊക്കെ ചെലവ് എത്രയെന്നത് ഇപ്പോഴും അജ്ഞാതമായി തന്നെ നില്ക്കുകയാണ്. കേരളീയത്തിന്റെ പരിപാടികള്ക്കെത്തിയ അതിഥികള്ക്ക് താമസത്തിന് 65 ലക്ഷം രൂപ ചെലവിട്ടു എന്നൊരു കണക്ക് കൂടി പുറത്തുവന്നിരുന്നു.
പരിപാടി കഴിഞ്ഞാല് ഒരാഴ്ച്ചക്കകം കണക്ക് പരസ്യപ്പെടുത്തുമെന്നായിരുന്നു സംഘാടക സമിതിയെ നയിച്ച മന്ത്രി വി ശിവന്കുട്ടിയുടെ പ്രഖ്യാപനം. അതെല്ലാം പാഴ് വാക്കായി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോള് സ്പോണ്സേഡ് പണം ചെലവിട്ടാണെങ്കില് പോലും കേരളീയം നടത്തണോ എന്ന ചോദ്യമാണ് സര്ക്കാരിന് നേരെ ഉയർന്നത്. ക്ഷേമപെന്ഷന് അഞ്ച് മാസത്തെ കുടിശികയുണ്ട്. ഇതിന് മാത്രം 4250 കോടി വേണം. കാരുണ്യ പദ്ധതിയുടെ കുടിശ്ശികയും ആയിരം കോടിക്ക് മുകളിലാണ്. കൃഷിവകുപ്പിന് കഴിഞ്ഞ വര്ഷം 584 കോടി കുടിശികയുണ്ട്. ഇങ്ങനെയുളള നാനാതരം പ്രതിസന്ധിക്ക് ഇടയിലാണ് വീണ്ടും കേരളീയം നടത്തിയത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും കമലഹാസനെയും അണിനിരത്തി കേരളീയം അരങ്ങുതകർത്തപ്പോൾ ഹൈക്കോടതിക്ക് മുന്നിൽ പിണറായി സർക്കാരിനെ പിച്ചക്കാരനാക്കി ധനവകുപ്പ് മാറ്റിയത് അന്ന് വാർത്തയായിരുന്നു. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അന്ന് ധനവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. ധനവകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇത്തരം ഒരു സത്യവാങ് മൂലം സമർപ്പിച്ചതെന്ന് അന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധനമന്ത്രി കെ. എൻ.ബാലഗോപാലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ. ജി കെ.ഗോപാലകൃഷ്ണ കുറുപ്പും കണ്ടാണ് സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇക്കാര്യം മറച്ചുവച്ച് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രന്റെ തലയിൽ ചാരാനാണ് ബാലഗോപാൽ ഉൾപ്പെടെയുള്ളർ ശ്രമിച്ചത്.
സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തുമ്പോൾ തിരുവനന്തപുരത്ത് കേരളീയം അരങ്ങുതകർത്തുകയായിരുന്നു. പിണറായിയെ പൂർണമായി മടുത്തു കഴിഞ്ഞ കേരളത്തിന് ദേവൻ രാമചന്ദ്രന്റെ തീപാറുന്ന വാക്കുകൾ വലിയ ആശ്വാസമായിമാറുകയായിരുന്നു. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥയാണോ നടക്കുന്നതെന്ന് വരെ ഹൈക്കോടതി ചോദിച്ചു. കോളത്തിന്റെ അഭിമാനം വാനോളം ഉയർത്താനായി കേരളീയം നടത്തുന്ന സർക്കാരിനോട് ഹൈക്കോടതി പറഞ്ഞു: നിങ്ങൾ കേരളത്തെ നാണം കെടുത്തരുത് .
ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്, സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണെന്ന് സർക്കാർ അറിയിച്ചത്. ഈ സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കേരളാ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്റെ (കെടിഡിഎഫ്സി) സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ്, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്
സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി, കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് കെടിഡിഎഫ്സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഹർജിയുമായി ബന്ധപ്പെട്ട് കെടിഡിഎഫ്സിക്കെതിരെ ഹൈക്കോടതി നേരത്തേ പരാമർശം നടത്തിയിരുന്നു. എന്തുകൊണ്ട് പണം നൽകുന്നില്ലെന്നും ആരാഞ്ഞു. ഇതിനു പിന്നാലെയാണ്, സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.സംസ്ഥാന സർക്കാർ ധൂർത്തടിച്ച് മലീമസമാക്കിയ ശേഷം കേന്ദ്രത്തെ കുറ്റം പറയുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്.
2023-2024 സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ളതായി കേരളസർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചിട്ട് അധിക നാളായിട്ടില്ല.. കേരളത്തിന്റെ വാർഷിക വായ്പപ്പരിധി വർധിപ്പിക്കുന്ന ഒരു നിർദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ല. ഏതെങ്കിലും ഇളവുകൾ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാൽ, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സഹായവും അധികവായ്പയും ആവശ്യപ്പെട്ട് ജൂലായ് 12-ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമനെക്കണ്ട് കത്തുനൽകിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇങ്ങനെയൊരു കത്ത് നൽകിയെങ്കിൽ അക്കാര്യം സമ്മതിക്കാൻ കേന്ദ്ര സർക്കാരിന് ഒരു വിഷമവുമുണ്ടാവില്ല.
ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. 15-ാം ധനകാര്യ കമ്മിഷൻ കേരളത്തിന്റെ വരുമാനവും ചെലവും വിലയിരുത്തി ധനക്കമ്മിയായ 37,814 കോടി രൂപയ്ക്ക് ശുപാർശ നൽകി. ശുപാർശ കേന്ദ്രം അംഗീകരിച്ച്, ഗ്രാന്റായി 2021-2022 മുതൽ 2025-2026 വരെയുള്ള കാലയളവിലേക്ക് 37,814 കോടി അനുവദിച്ചു. ഇതിൽനിന്ന് 34,648 കോടി ഇതിനകം കേരളത്തിന് നൽകിയെന്നും പങ്കജ് ചൗധരി പറഞ്ഞു
പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ്, സമാനമായ മറ്റു സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പയും വായ്പാ പരിധിയിൽ ഉൾപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പിണറായി പറയുന്നത്.. ബജറ്റിൽനിന്നോ നികുതിയിൽനിന്നോ സെസിൽനിന്നോ മറ്റു വരുമാന മാർഗങ്ങളിൽനിന്നോ സംസ്ഥാനസർക്കാർ വകയിരുത്തുന്ന വായ്പകളും വായ്പപ്പരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തും. 2023 മേയ് 10-ലെ കേരളസർക്കാരിന്റെ കത്ത് മുഖേന 2023-2024ലെ കിഫ്ബിയുടെ കടമെടുക്കാനായി തിട്ടപ്പെടുത്തിയ തുക 2500 കോടി രൂപയാണെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതും പലിശയും സംസ്ഥാന ബജറ്റിലോ നികുതിയിലോ സെസിലോ ഇതര വരുമാനത്തിലോ വകയിരുത്തുന്നതാണെന്നും പങ്കജ് ചൗധരി പറഞ്ഞു.
നിർമലാ സീതാരാമന് നൽകിയ കത്തിന്റെ ഉള്ളടക്കവും കൂടിക്കാഴ്ചയുടെ വിവരങ്ങളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. . മുൻവർഷത്തെക്കാൾ സാമ്പത്തികഞെരുക്കമാണ് കേരളം ഈവർഷം പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു. വായ്പപ്പരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതും റവന്യൂക്കമ്മി നികത്താനുള്ള സഹായധനത്തിലെ കുറവും കാരണം 28,000 കോടി രൂപയോളം മുൻവർഷത്തെക്കാൾ കുറയുമെന്നും അറിയിച്ചു.
പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നു കേരളത്തിന് കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതം. 15-ാം ധനക്കമ്മിഷന്റെ കാലത്ത് 1.92 ശതമാനമായി. അന്നു മിന്നും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ പഴിചാരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചിട്ടുള്ളത്. നികുതി പിരിക്കുന്നതിലുൾപ്പെടെ സർക്കാരിന്റെ വീഴ്ചകൾക്കെതിരെ വിമർശനം ഉയരുമ്പോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തെ പഴിചാരി തലയൂരാൻ ശ്രമിക്കുന്നത്. സി എ ജി വരെ സംസ്ഥാന സർക്കാരിന്റെ നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് വരുത്തി തീർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്.കേരളീയത്തിന് വേണ്ടി വൻകിട മുതലാളിമാരിൽ നിന്നും സർക്കാർ കോടികൾ പിരിച്ചെടുത്ത സാഹചര്യത്തിൽ ഇനി വ്യാപാരികൾ നികുതി അടയ്ക്കാൻ സാധ്യത കുറവാണ്.
കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ട വിഹിതം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി നികുതി വരുമാനം ഗണ്യമായി കുറഞ്ഞു തുടങ്ങിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേരളത്തിന്റെ വരവും ചെലവും കണക്കാക്കി അർഹതപ്പെട്ട സഹായം നൽകിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹെലികോപ്റ്റർ യാത്രയ്‌ക്കും ലോക കേരളസഭയ്‌ക്കും ഉൾപ്പെടെയുള്ള ധൂർത്തും കാര്യക്ഷമമല്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങളുമാണ് നിലവിലെ പ്രതിസന്ധിയ്‌ക്ക് കാരണമെന്നിരിക്കെയാണ് മുഖ്യമന്ത്രി കേന്ദ്രത്തെ പഴിചാരി തലയൂരാൻ ശ്രമിക്കുന്നത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശങ്ങളെ കേരളം കൈയടിച്ചാണ് സ്വീകരിച്ചത്.വലിയ പ്രതീക്ഷയാണ് ജ. ദേവന്റെ പരാമർശങ്ങൾ കേരളത്തിന് നൽകിയത്. സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ പോലും പണമില്ലാത്ത സർക്കാർ 27 കോടി രൂപ ചെലവിട്ടു എന്തിനാണ് കേരളീയം നടത്തുന്നതെന്ന് കേരളം ചോദിച്ചു. പട്ടിണി മരണത്തിന് മുമ്പുള്ള അത്താഴമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് തോന്നി പോകും.
പിണറായിക്ക് പാര പണിതത് ബാലഗോപാൽ തന്നെയാണ്. ധനമന്ത്രിയുടെ പിന്തുണയിലല്ല കേരളീയം നടന്നത് . കേരളീയത്തിന് പണം അനുവദിക്കാൻ ബാലഗോപാൻ വിമുഖത കാണിച്ചിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സെൽഫി എടുക്കാൻ ബാലഗോപാൽ നിൽക്കാത്തതിന്റെ കാരണവും ഇതു തന്നെ.
കേരളീയത്തിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥർ കോടികൾ വെട്ടിയതായാണ് ഇപ്പോൾ വ്യക്തമാകുന്നത്. അതുകൊണ്ടാണ് ഇതിനെ കുറിച്ച് അന്വേഷണം നടത്താൻ ധനമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ്റെ മകനും പി.ആർ.ഡിയിലെ ഉന്നതരും ചേർന്നാണ് അഴിമതിയുടെ ഉത്സവമേളം നടത്തിയതെന്നാണ് കെ.എൻ ബാലഗോപാലിൻറെ സംശയം .അതാണ് പഴുതടച്ച അന്വേഷണത്തിന് ഉത്തരവിടാൻ കാരണം.
https://www.facebook.com/Malayalivartha