മുംബൈ ഭീകരാക്രമണത്തില്‍ താജ് കത്തിയെരിയുമ്പോള്‍ അതിന് മുന്നില്‍ നിലയുറപ്പിച്ച ടാറ്റ; ജീവനക്കാരെ രക്ഷിക്കാന്‍ ഓടിയ മനുഷ്യന്‍
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളില്‍ ഒന്നാണ് 2008ലെ മുംബൈ ഭീകരാക്രമണം. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്ത് 10 പാകിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകരര്‍ ലക്ഷ്യമിട്ട അഞ്ച് സ്ഥലങ്ങളില്‍ ഒന്ന് രത്തന്‍ ടാറ്റയുടെ മുത്തച്ഛന്‍ ജംഷെഡ്ജി ടാറ്റ നിര്‍മ്മിച്ച താജ് മഹല്‍ പാലസ് ഹോട്ടലായിരുന്നു. ഒബ്‌റോയ്‌ട്രൈഡന്റ് ഹോട്ടല്‍, താജ് മഹല്‍ പാലസ് ഹോട്ടല്‍, നരിമാന്‍ പോയിന്റിലെ ചബാദ് ഹൗസ്, ലിയോപോള്‍ഡ് കഫേ, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ എന്നിവയാണ് ഭീകര!!ര്‍ ലക്ഷ്യമിട്ട മറ്റ് സ്ഥലങ്ങള്‍.
2008 നവംബര്‍ 26നാണ് മുംബൈ നഗരത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഡംബര ഹോട്ടലായ താജ് മഹല്‍ പാലസില്‍ തോക്കുധാരികളായ ഭീകരര്‍ നിരവധി ജീവനുകളാണ് അപഹരിച്ചത്. താജ് മഹല്‍ പാലസ് ഹോട്ടലിന് 400 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. എന്നാല്‍, സ്ഥാപനത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും മുറുകെപ്പിടിച്ച ജീവനക്കാര്‍ സ്വന്തം ജീവന്‍ പണയം വെച്ച് അതിഥികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. അതിഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ജീവനക്കാര്‍ ശ്രമിച്ചത്. അതിഥികള്‍ ഹോട്ടലിന് പുറത്തിറങ്ങുന്നതിന് മുമ്പ് രക്ഷപ്പെടാന്‍ ജീവനക്കാരില്‍ പലരും വിസമ്മതിക്കുകയാണ് ഉണ്ടായത്.
ഭീകരാക്രമണത്തില്‍ താജ് കത്തിയെരിയുമ്പോള്‍ ഹോട്ടലിന് പുറത്ത് രത്തന്‍ ടാറ്റ പതറാതെ നിന്നു. സ്വന്തം സുരക്ഷിതത്വത്തിന് അദ്ദേഹം എത്രത്തോളം വില കല്‍പ്പിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു രത്തന്‍ ടാറ്റയുടെ ഇടപെടല്‍. പ്രതീക്ഷിച്ചത് പോലെ തന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രത്തന്‍ ടാറ്റ സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ മുന്നിട്ടിറങ്ങി. ഭീകരാക്രമണത്തില്‍ പരിക്കേറ്റ തന്റെ ജീവനക്കാരെ അദ്ദേഹം ആശുപത്രികളിലെത്തി സന്ദര്‍ശിക്കുകയും ആക്രമണത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ചേ!ര്‍ത്തുപിടിക്കുകയും ചെയ്തു. അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയുടെ പ്രവര്‍ത്തനങ്ങള്‍.
അടിയന്തര സഹായം നല്‍കുന്നതിനായി ഒരു ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപവത്കരിക്കുകയായിരുന്നു ആദ്യത്തെ നടപടി. പരിക്കേറ്റവര്‍ക്കുള്ള വൈദ്യസഹായം, ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താത്കാലിക പാര്‍പ്പിടം, പെന്‍ഷന്‍, മറ്റ് തൊഴിലുകള്‍ തേടുന്നതിന് സഹായം എന്നിവ ഉറപ്പാക്കി. കൂടാതെ, ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടല്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ടപ്പോള്‍ ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടില്ലെന്ന് മാത്രമല്ല ഇക്കാലയളവില്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രത്തന്‍ ടാറ്റ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഭീകരാക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റിന് രൂപം നല്‍കി. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ താജ് ജീവനക്കാരന്റെയും കുടുംബത്തിന് 36 ലക്ഷം മുതല്‍ 85 ലക്ഷം രൂപ വരെ തുക കൈമാറി. കൊല്ലപ്പെട്ട ഓരോ ജീവനക്കാരന്റെയും കുടുംബത്തിന് അവര്‍ വിരമിക്കുന്ന തീയതി വരെയുള്ള മുഴുവന്‍ ശമ്പളവും നല്‍കി. മരണപ്പെട്ട ജീവനക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം മറന്നില്ല.
ടാറ്റ എന്നും തന്റെ ജീവനക്കാരുടെ പക്ഷം നിന്നിട്ടുള്ള വ്യവസായിയാണ്. അതിന് തെളിവാണ് സൈറസ് മിസ്ത്രിയുമായുള്ള നിയമ യുദ്ധം. രത്തനുശേഷം, ടാറ്റയുടെ ചെങ്കോലേറ്റു വാങ്ങാനുള്ള ദൗത്യം വന്നെത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിക്കായിരുന്നു. ടാറ്റയുടെ ചരിത്രത്തില്‍ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. പക്ഷേ മിസ്ത്രിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് പക്ഷേ നാലുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തന്‍ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അതിനാടകീയമായി മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ എന്‍. ചന്ദ്രശേഖരന്‍ എന്ന നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തി. മിസ്ട്രിയുടെ ഏകാധിപത്യ നടപടികള്‍ തന്നെയാണ് രത്തന്‍ ടാറ്റയെ ചൊടിപ്പിച്ചത്. ഒരിക്കലും കക്ഷിരാഷ്ട്രീയ ബന്ധം ഉണ്ടാക്കില്ല, ലോബീയിങ്ങിനായി പണം ചെലവഴിക്കില്ല, അനാവശ്യമായി ജീവനക്കാരെ പിരിച്ചുവിടില്ല എന്ന കാര്യങ്ങളൊക്കെ മിസ്ട്രി തെറ്റിച്ചു. അങ്ങനെ പിരിച്ചുവിടപ്പെട്ട ഒരു സാധു ജീവനക്കാരന്‍, ഇതൊന്നുമറിയാതെ വിശ്രമ ജീവിതം നയിക്കുന്ന രത്തന്‍ ടാറ്റയോട് പരാതി പറഞ്ഞതാണത്രേ, ഫലത്തില്‍ മിസ്ട്രിയുടെ കുഴി തോണ്ടിയത്. മുഴുവന്‍ സ്വത്തും പണയംവെച്ചിട്ടും ഒറ്റ ജീവനക്കാരനെയും പിരിച്ചുവിടാത്ത പാരമ്പര്യമാണ് ടാറ്റയുടേത് എന്ന് മിസ്ട്രി ഒരു വേള മറന്നുപോയി.
2012 ഡിസംബര്‍ 28ന് 75ാം വയസ്സിലാണ് രത്തന്‍ ടാറ്റ വിരമിക്കുന്നത്. പിന്നാലെ ടാറ്റയുടെ പിന്‍ഗാമിയാരെന്ന ചോദ്യവും ഉയര്‍ന്നു. ടാറ്റ കുടുംബത്തില്‍ നിന്നുള്ള നോയല്‍ ടാറ്റയ്ക്കും മറ്റും സാധ്യത കല്‍പ്പിച്ചപ്പോഴും അവസാനം നറുക്ക് വീണത് പല്ലോണ്‍ജി മിസ്ട്രിയുടെ മകനായിരുന്ന സൈറസ് പി. മിസ്ത്രിക്കായിരുന്നു. ഷാപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് എം.ഡി.യായിരുന്നു സൈറസ് മിസ്ട്രി. അവര്‍ക്ക് ടാറ്റ സണ്‍സില്‍ 18% ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം 2006 മുതല്‍ സൈറസ് ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലുമുണ്ടായിരുന്നു. വിരമിക്കല്‍ പ്രായം 70 ആയതുകൊണ്ടു തന്നെ 2038 വരെ മിസ്ത്രി തുടരുമെന്ന ധാരണയ്ക്കിടയിലാണ് 2016ലെ അപ്രതീക്ഷിത പുറത്താകല്‍.
രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍. ഇതിനെതിരെ മിസ്ത്രി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. ഓഹരി ഉടമകളെ അടിച്ചമര്‍ത്തുന്നുവെന്നും അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തൊട്ടുപിന്നാലെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. അസാധാരണ ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്തായിരുന്നു മിസ്ത്രിയെ പുറത്താക്കിയ നടപടിയെടുത്തത്.
ഇതിനെതിരെ മിസ്ത്രിയും ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും നല്‍കിയ പരാതി എന്‍.സി.എല്‍.ടി. തള്ളി. മിസ്ത്രിയുടെ ആരോപണങ്ങള്‍ തള്ളിയ ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ടാറ്റ ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും ടാറ്റയും തമ്മിലുള്ള നിയമയുദ്ധം ഇതോടെ അവസാനിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി മിസ്ത്രി ഇതിനെതിരെ അപ്പീല്‍ നല്‍കി. അപ്പീല്‍ ട്രിബ്യൂണല്‍ മിസ്ത്രിക്ക് അനുകുലമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. ചെയര്‍മാന്‍ സ്ഥാനത്ത് മിസ്ത്രിയെ പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും മിസ്ത്രിയുടെ പുനര്‍ നിയമനം സ്റ്റേ ചെയ്യുകയുമുണ്ടായി. പുറത്താക്കല്‍ നടപടി സുപ്രീം കോടതി പിന്നീട് ശരിവെക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു രത്തന്‍ ടാറ്റയും സൈറസ് മിസ്ത്രിയും തമ്മിലുള്ള നിയമയുദ്ധം.
https://www.facebook.com/Malayalivartha