നിർത്താതെ പെയ്ത മഴയിൽ ബെംഗളൂരുവിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി; ചെന്നൈയിൽ ജനജീവിതം താറുമാറാക്കി മഴ മുന്നറിയിപ്പ്....
ചൊവ്വാഴ്ച പുലർച്ചെ മുതൽ നിർത്താതെ പെയ്ത മഴയിൽ ബെംഗളൂരുവിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി, നഗരത്തിലെ സാധാരണ ജനജീവിതം താറുമാറായി. നഗരത്തിലെ ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ് നഗര, മഹാദേവപുര എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഈ പ്രദേശങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം വെള്ളത്തിൽ മുങ്ങുന്ന കാഴ്ച്ചയിരുന്നു. സാക്ര ആശുപത്രിയുടെ കഫറ്റീരിയയിൽ വെള്ളം കയറി. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബൻ ജില്ലയിൽ മഴ തുടരുന്നതിനാലും മൈസുരു- ബംഗളുരു ഹൈവേയിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കി.
കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാൽ വേഗതയിൽ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ബംഗളുരു അർബൻ ജില്ലയിൽ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ബൻ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകൾക്ക് അവധി ബാധകമാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിൽ ആണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവിൽ നടക്കാനാരിക്കുന്ന ഇന്ത്യ - ന്യുസീലൻഡ് ടെസ്റ്റ് മാറ്റി. കളിക്കാരുടെ കഴിഞ്ഞ ദിവസത്തെ പരിശീലനം റദ്ദാക്കിയിരുന്നു. ഇന്ന് ബംഗളൂരു നഗരത്തിൽ ഓറഞ്ച് അലർട്ടാണ്. അടുത്ത ദിവസങ്ങളിലും നഗരത്തിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മഴ തീര്‍ത്ത ദുരിതത്തിന്‍റെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറിയത് ദുരിതം ഏറ്റി. ഇതോടെ നഗരാസൂത്രണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചൂട് പിടിച്ചു. പാണത്തൂർ റെയിൽവേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്‍, ശക്തമായി കുത്തിയൊഴുകിയെത്തിയ മഴവെള്ളത്തില്‍പ്പെട്ട് താഴെ വീഴുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി.
വീഡിയോയില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കിന്‍റെ ഭീകരത കാണാം. അപ്രതീക്ഷിതമായി, അതിശക്തമായി ഒഴുകിയെത്തിയ വെള്ളത്തില്‍ ബൈക്ക് യാത്രികന് ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ മന്യത ടെക് പാർക്കിന്‍റെ കോംമ്പൌണ്ട് മുഴുവനും വെള്ളത്തിനടിയിലായിരുന്നു. പുലർച്ചെ 3 മണി മുതൽ നിർത്താതെ പെയ്ത മഴയാണ് പ്രദേശത്തെ വെള്ളത്തിനടിയിലാക്കിയത്.
ടെക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വർത്തൂർ, ഹെബ്ബാൾ, തുടങ്ങി കടുബീസനഹള്ളി വരെയുള്ള പ്രദേശങ്ങളിലെ നിരവധി റോഡുകളിൽ വെള്ളം കയറിയതിനാൽ നഗര ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു. ഒആർആർ, തുമകുരു റോഡ്, എയർപോർട്ട് റോഡ് എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. ഹുൻസമാരനഹള്ളിയിലെ ബെല്ലാരി റോഡിലും കനത്ത വെള്ളക്കെട്ടാണ് റിപ്പോർട്ട് ചെയ്തത്. തീരദേശ കർണാടകയ്ക്ക് പുറമേ തുമകുരു, മൈസൂരു, കുടക്, ചിക്കമംഗളൂരു,
ഹസ്സൻ, കോലാർ, ശിവമോഗ, ചിക്കബല്ലാപുര എന്നീ കിഴക്കന്‍ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ വരെ ഇരുണ്ട ആകാശവും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ബെംഗളൂരുവിലെ മാരത്തള്ളി വെതർ യൂണിയൻ ഗേജിൽ അർദ്ധരാത്രി മുതൽ 42.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ ഈ മാസം ഇതുവരെയായി മാത്രം 72 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
അതേസമയം, തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പാണുള്ളത്. ചെന്നൈ അടക്കം തമിഴ്നാട്ടിലെ 4 വടക്കൻ ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിക്കും അവധി പ്രഖ്യാപിച്ചു. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ചെന്നൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക് അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളില്‍ കനത്ത മഴ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇതോടെയാണ് ചെന്നൈയിലെ പല കടകളിലും ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയത്. പലയിടത്തും സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം കാലിയായെന്നും ഓണ്‍ലൈന്‍ ആപ്പുകള്‍ ഹോംഡെലിവറി പോലും നിര്‍ത്തിവെച്ചെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പലരും പറഞ്ഞു.
https://www.facebook.com/Malayalivartha