വടക്ക് കിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ കനത്ത മഴയിൽ ‘മാന്യത ടെക് പാർക്ക് മുങ്ങി; മഴ മാറി നിന്നതോടെ ചെന്നൈ പഴയ സ്ഥിതിയിലേയ്ക്ക്...
വടക്കുകിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ബംഗളുരുവിലെ ദൈനംദിന ജീവിതം താറുമാറായി. ബെംഗളൂരു നഗരത്തിലെ ഐടി മേഖലകളടക്കം വെള്ളത്തിനടിയിലായി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഫിസ് സ്‌പേസുകളിലൊന്നായ ‘മാന്യത ടെക് പാർക്കും’ മുങ്ങി. മാന്യത ടെക് പാർക്ക്, മാന്യത ടെക്ക് വെള്ളച്ചാട്ടമായി എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ. 300 ഏക്കർ വിസ്തൃതിയുള്ള ബൃഹത്തായ ടെക് വില്ലേജ് ഇടതടവില്ലാതെ നഗരത്തിൽ പെയ്തിറങ്ങിയ മഴയിലാണ് ‘വെള്ളച്ചാട്ടമായി’ മാറിയത്.
ടെക് പാർക്ക് മുങ്ങിയതോടെ കമ്പനികള്‍ ഓഫിസുകളില്‍ അകപ്പെട്ട ജീവനക്കാരോട് അവിടെ തുടരാന്‍ നിർദേശിച്ചു. ടെക് പാർക്കിന്റെ മുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് നഗരത്തിലെ ടെക് പാർക്ക് ഭീമൻ വെള്ളച്ചാട്ടം പോലെയായത്.
ബെംഗളൂരുവിൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് നാളെ വരെ നിലനിൽക്കും, സ്‌കൂൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല, എന്നിരുന്നാലും, ഇന്ന് നിരവധി സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ റദ്ദാക്കി. ചെന്നൈയിൽ, നിർത്താതെ പെയ്യുന്ന മഴ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായി, തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
ചെന്നൈയിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും, ബുധനാഴ്ച വൈകി റെഡ് അലർട്ട് പിൻവലിച്ചതിനെ തുടർന്ന് ചെന്നൈയിലും കാഞ്ചീപുരം, തിരുവള്ളൂർ ഉൾപ്പെടെയുള്ള സമീപ ജില്ലകളിലും സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറന്നു.
അതിനിടെ ഇന്നലെ മഴ മാറി നിന്നതോടെ നഗരത്തിലെ താഴ്ന്ന മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് പൂർണമായും നീങ്ങി. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ മഴയുണ്ടാകില്ലെന്നാണു പ്രതീക്ഷ. കാറ്റിന്റെ ദിശയും വേഗവും മൂലം ന്യൂനമർദ മേഖലയുടെ സഞ്ചാരപാതയിൽ വ്യത്യാസമുണ്ടായതോടെയാണു മഴ ഒഴിവായത്. തീവ്രന്യൂനമർദം ഇന്നു പുലർച്ചെ ആന്ധ്രയിലെ നെല്ലൂരിനും പുതുച്ചേരിക്കും ഇടയിൽ കരതൊടും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും ഇന്നു വീണ്ടും സജീവമാകും. മഴക്കെടുതിയിൽ വലയുന്ന നഗരവാസികൾക്ക് ‘അമ്മ ഉണവകങ്ങൾ’ ഭക്ഷണമൊരുക്കി . ഇന്നലെ ആരംഭിച്ച സൗജന്യ ഭക്ഷണ വിതരണം ഇന്നു കൂടി തുടരും. സാധാരണക്കാർ ആശ്രയിക്കുന്ന തട്ടുകടകൾ അടക്കമുള്ളവ അടച്ചതോടെ ഭക്ഷണമില്ലാതെ പലരും വലഞ്ഞു. ഇതേത്തുടർന്നാണു സൗജന്യമായി ഭക്ഷണം നൽകാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചത്.
അതേ സമയം സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായാണ് നിലവിലെ മഴ.
https://www.facebook.com/Malayalivartha