നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...
സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ കയറി നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ. വീഡിയോ പുറത്തുവിട്ട യൂ ട്യൂബർ ഇർഫാന് ആരോഗ്യവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി. തന്റെ മകളുടെ പൊക്കിൾക്കൊടി മുറിക്കുന്നരംഗം ചിത്രീകരിച്ച ഇർഫാൻ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ 14 ലക്ഷം പേർ ഈ വീഡിയോ കണ്ടു. ഇർഫാനെതിരേ പരാതിലഭിക്കുകയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് നോട്ടീസ് നൽകുകയുമായിരുന്നു. ആശുപത്രിയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അണുനശീകരണം ചെയ്തിരിക്കുന്ന ഓപ്പറേഷൻ തിയേറ്ററിനകത്ത് മൊബൈൽ ഫോണുമായി കയറിയതും വീഡിയോ ചിത്രീകരിച്ചതുമാണ് നടപടിക്ക് കാരണം.
ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണു വിവാദമായത്. വിഡിയോ പിന്നീടു നീക്കിയെങ്കിലും നടപടിയുമായി മുന്നോട്ടു പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പൊക്കിൾക്കൊടി മുറിക്കാൻ ഇർഫാനെ അനുവദിച്ച ഡോക്ടർക്കെതിരെയും നടപടി ഉണ്ടാകും. ഇയാൾ കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുന്നതും, മാറ്റുന്നതും എല്ലാം വീഡിയോ എടുത്ത് 'ഇർഫാൻസ് വ്യൂ' എന്ന യൂട്യൂബിൽ പങ്കുവെക്കുകയായിരുന്നു.യൂട്യൂബ് ചാനൽ വഴി ഇർഫാൻ വീഡിയോ പുറത്തുവിട്ടതോടെ വീഡിയോ തമിഴ്നാട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായി. പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പടെ എത്തിയതാണ് ആരോഗ്യ വകുപ്പ് വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ കാരണം.
ഭാര്യയുടെ പ്രസവം ആണ് ഇദ്ദേഹം യൂട്യൂബ് ചാനലിൽ വഴി പങ്കുവെച്ചിരിക്കുന്നത്. പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളു. പൊക്കിൾക്കൊടി മുറിക്കുന്നതിന് വേണ്ടി ഇർഫാനെ അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇൻഫാന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ വെെറലാണ്. ഭാര്യയുടെ പ്രസവം വെച്ച് എടുത്ത വീഡിയോ ആണ് വിവാദമായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുക ൾ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വീഡിയോ ചാനലിൽ നിന്നും നീക്കി. ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇർഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു.
മെയ് 18 ന് ആണ് ആ വീഡിയോ പോസ്റ്റ് ചെയ്തത്. ഇർഫാനും, ഭാര്യയും ദുബായിലെ ഒരു ആശുപത്രിയിൽ ലിംഗനിർണയം നടത്തുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. മെയ് 2 ന് അവർ ആശുപത്രി സന്ദർശിച്ചതും പിന്നീട് അവർ ചെന്നൈയിൽ 'ലിംഗ വെളിപ്പെടുത്തൽ' പാർട്ടി നടത്തുന്നതും ആണ് വീഡിയോയിൽ ഉണ്ടായിരുന്ന ഉള്ളടക്കം. ഇന്ത്യയിൽ ലിംഗനിർണ്ണയ പരിശോധനകൾ നിയമവിരുദ്ധമാണെങ്കിലും മറ്റ് പല രാജ്യങ്ങളിലും ഇതിന് അനുമതിയുണ്ടെന്ന് ഇർഫാൻ വീഡിയോയിൽ പറയുന്നു. 4.28 ദശലക്ഷം സബ്സ്കെെബേഴ്സുള്ള ചാനൽ ആണ് ഇത്. ലിംഗഭേദം വെളിപ്പെടുത്തുന്ന വീഡിയോ മാത്രം 2 ദശലക്ഷത്തിലധികം ആളുകൾ ആണ് കണ്ടത്.
ഇർഫാൻ്റെ നടപടിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രവർത്തിച്ച ഡോക്ടർ നിവേദിതയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് ജോയിൻ്റ് ഡയറക്ടർ ഇളങ്കോ ചെന്നൈ സെമ്മഞ്ചേരി പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഓപ്പറേഷൻ റൂമിൽ അതിക്രമിച്ച് കയറി, വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവൃത്തി,
പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യത്തോടെ വീഡിയോ അപ്‌ലോഡ് ചെയ്തതിനും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൂടാതെ ഡോക്ടർ നിവേദിതയ്‌ക്കെതിരെ തമിഴ്‌നാട് മെഡിക്കൽ കൗൺസിലിൽ പരാതിയും നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha