ഇറാനെ കൂട്ടിയിട്ട് കത്തിച്ചെന്ന് കോരിത്തരിപ്പിച്ച് ഇസ്രായേൽ നീക്കം രാത്രിക്ക് രാത്രി മൊസാദ് ഇറങ്ങി ആണവകേന്ദ്രം റഡാറിൽ തന്നെ..പക്ഷെ
ഇറാനില്‍ കഴിഞ്ഞ ദിവസം വലിയ വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ അവകാശ വാദം. എന്നാല്‍ ഇതിനെ ഇറാന്‍ അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. ഇസ്രയേലിന്റെ ആക്രമണത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി ചെറുത്തുവെന്ന് ഇറാന്‍ അവകാശപ്പെട്ടു തിരിച്ചടിക്ക് രാജ്യം തയ്യാറാണെന്നും ആനുപാതികമായ തിരിച്ചടി ഉണ്ടാവുമെന്നും അവര്‍ സൂചിപ്പിച്ചു. എന്നാല്‍ എന്ത് നാശ നഷ്ടമാണ് ഇറാനില്‍ ഉണ്ടാക്കിയതെന്ന് ഇസ്രയേല്‍ പറയുന്നുമില്ല. ഇസ്രയേലിന്റെ ആക്രമണത്തില്‍ വിരലില്‍ എണ്ണാവുന്ന ഇറാന്‍ സൈനികര്‍ മരിച്ചു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ലെന്നാണ് സൂചനകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപാടങ്ങളുമൊന്നും ആക്രമണത്തില്‍ തകര്‍ന്നില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന് ഇവയൊന്നും ആക്രമിക്കാനായില്ലെന്നത് ഇറാന്റെ ആത്മവിശ്വാസവും കൂട്ടുന്നു. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇറാനെ ആക്രമിച്ചുവെന്ന് വരുത്തുന്ന തരത്തിലുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നും വിലയിരുത്തലുണ്ട്.
ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുവാന്‍ ഇറാന്‍ സൈന്യത്തോട് പരമോന്നത നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ ഇറാന്റെ പെട്രോളിയം, ഊര്‍ജ സംവിധാനങ്ങള്‍, ആണവകേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുകയോ, മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കുകയോ ചെയ്താല്‍ മാത്രം തിരിച്ചടിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന സംഭരണശാലകളോ, കുറച്ച് സൈനികത്താവളങ്ങളോ മാത്രമാണ് ആക്രമിക്കുന്നതെങ്കില്‍ തിരിച്ചടിക്കേണ്ട എന്നായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത് എന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇത്രപോലും നാശം ഇറാനുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ഹിസ്ബുള്ളയ്ക്കും ഹമാസനിനുമെതിരെ വ്യാപക നാശനഷ്ടമുണ്ടാക്കുന്ന ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് ഇറാനില്‍ പ്രതീക്ഷിച്ച നാശനഷ്ടം ഉണ്ടായില്ലെന്ന് വ്യക്തമാണ്.
ഇറാനെതിരെ ആക്രമണം നടത്തിയെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള കണ്ണില്‍ പൊടിയിടല്‍ തന്ത്രമായിരുന്നു ഇസ്രയേല്‍ നീക്കമെന്ന് ഇറാനും പ്രചരിപ്പിക്കുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലിന്റെ നൂറിലധികം പോര്‍വിമാനങ്ങള്‍ ഇറാനിലെ തിരഞ്ഞെടുത്ത ലക്ഷ്യങ്ങള്‍ ആക്രമിച്ചു. എണ്ണ ഉല്‍പ്പാദന, ശുദ്ധീകരണ കേന്ദ്രങ്ങളോ ആണവ കേന്ദ്രങ്ങളോ ബോംബിങ്ങിനിരയായിട്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിലേക്ക് ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. ആള്‍നാശം നാമമാത്രമായിരുന്നെങ്കിലും ചില സൈനിക കേന്ദ്രങ്ങളില്‍ കുറച്ചു കേടുപാടുകള്‍ വരുത്തി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം. ഇതിന് പ്രതികാരമായി തങ്ങളെ ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്രയേല്‍ പ്രഖ്യാപിച്ചത് നടപ്പാക്കി. എന്നാല്‍ കാര്യമായ നാശം ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തല്‍കാലം ഇറാന്‍ പ്രകോപനത്തിന് ഇറങ്ങില്ല.
ടെഹ്‌റാന് ചുറ്റുമുള്ള ഇലാം, ഖുസെസ്ഥാന്‍, ടെഹ്റാന്‍ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നും ഇവയെ പ്രതിരോധിക്കാനായെന്നും ഇറാന്‍ വ്യോമ പ്രതിരോധ കേന്ദ്രം പറഞ്ഞു. തെക്കന്‍ സിറിയയിലെ സിറിയന്‍ സൈനിക കേന്ദ്രങ്ങളും ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയും വ്യക്തമാക്കി. ഇറാനെതിരെ മിതമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ഇറാന്‍ പ്രത്യാക്രമണത്തിന് മുതിരുന്നില്ലെന്നാണ് ബൈഡന്‍ ഭരണകൂടം വിശ്വസിക്കുന്നത്. ഇറാനെ ഒരു പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കാതെ സംഘര്‍ഷം ശാന്തമാക്കാനാണ് ഇസ്രായേല്‍ മിതമായ ആക്രമണം നടത്തിയതെന്ന് യുഎസ് സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ തിരിച്ചടി ജനങ്ങള്‍ക്ക് ഭീഷണിയാകാത്ത തരത്തിലാകാന്‍ യുഎസ് പ്രസിഡന്റും ദേശീയ സുരക്ഷാ ടീമും ആഴ്ചകളായി ഇസ്രയേലുമായി ചര്‍ച്ചയിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണം സ്ഥിരീകരിച്ച ഇറാന്‍ നാശനഷ്ടങ്ങള്‍ പരിമിതമാണെന്നാണ് അവകാശപ്പെടുന്നത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ ടെഹ്‌റാന്റെ ആകാശത്ത് തടയുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ഇസ്രയേല്‍ ആക്രമണങ്ങളെ തകര്‍ത്തെന്നും നാശനഷ്ടം പരിമിതമാണെന്നും ഇറാന്‍ പ്രതികരിച്ചു. അതേസമയം രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഓപ്പറേഷന് 'പശ്ചാത്താപത്തിന്റെ ദിനങ്ങള്‍' എന്നായിരുന്നു പേര്. ആദ്യത്തെ തരംഗം ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ലക്ഷ്യം വച്ചപ്പോള്‍ രണ്ടും മൂന്നും തരംഗങ്ങള്‍ മിസൈല്‍, ഡ്രോണ്‍ താവളങ്ങളെയും ആയുധ നിര്‍മ്മാണശാലകളെയും ആണ് ആക്രമിച്ചത്. ഇരുപതോളം സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. എന്നാല്‍ ഈ ആക്രമണങ്ങില്‍ ഉണ്ടായ നാശനഷ്ടം ഇസ്രയേലും വിശദീകരിക്കുന്നില്ല. സാധാരണ നിലയില്‍ ഇസ്രയേല്‍ ഇക്കാര്യം എല്ലാ ആക്രമണങ്ങളിലും വ്യക്തമാക്കാറുള്ളതാണ്. ഗാസയിലും ലബനനിലും എന്താണ് സംഭവിച്ചത് എന്ന് അവര്‍ വ്യക്തമായി പറഞ്ഞു. എന്നാല്‍ ഇറാനിലെ ആക്രമണത്തില്‍ അതുണ്ടാകുന്നില്ല. ഇതില്‍ നിന്നും വലിയ നഷ്ടങ്ങളൊന്നും ഇറാനുണ്ടായില്ലെന്ന വിലയിരുത്തല്‍ ആഗോള തലത്തില്‍ ചര്‍ച്ചയാണ്.
ഇറാനിലെ ആക്രമണ സമയത്ത് തലസ്ഥാനമായ ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്തുണ്ടായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്റും. സൈനിക ബങ്കറിലായിരുന്നു അവര്‍. ഇറാന്റെ പടിഞ്ഞാറും വടക്ക് പടിഞ്ഞാറുമുള്ള സൈനികതാവളങ്ങളാണ് ആക്രമിക്കപ്പെട്ടത്. തലസ്ഥാനമായ ടെഹറാനു ചുറ്റുമുള്ള ആറോളം കേന്ദ്രങ്ങളില്‍ വന്‍ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ജോര്‍ദാനിലുടെയാണ് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ഇറാനില്‍ ആക്രമണത്തിനെത്തിയതെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, ജോര്‍ദാന്‍ അത് നിഷേധിച്ചു. ഇസ്രയേലിന്റെ കൈവശമുള്ള ഗോലാന്‍ കുന്നുകളില്‍നിന്നും ലെബനീസ് മേഖലകളില്‍ നിന്നുമാണ് ആക്രമണം എന്നാണ് സൂചന. ഇറാനില്‍ ആക്രമണം നടന്ന അതേസമയം തന്നെ ഇറാഖിലും സിറിയയിലുമുള്ള ചില സൈനികത്താവളങ്ങളിലും ഇസ്രയേലി പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി.
ഇറാന്റെയും പ്രോക്സികളുടെയും നിരന്തരമായ ആക്രമണത്തിനുള്ള പ്രതികരണമാണ് ഈ വ്യോമാക്രമണം എന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാന്‍ ഭരണകൂടവും മധ്യപൂര്‍വ ഏഷ്യയിലെ അവരുടെ പ്രോക്സികളും ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്രയേലിനെ നിരന്തരമായി ആക്രമിച്ചുവരികയാണ്, ഏഴു യുദ്ധമുഖങ്ങളിലായി. ലോകത്തെ മറ്റേതൊരു പരമാധികാര രാജ്യത്തെയും പോലെ ഇസ്രയേല്‍ രാഷ്ട്രത്തിന് പ്രതികരിക്കാനുള്ള അവകാശവും കര്‍ത്തവ്യവും ഉണ്ട്... ഇസ്രയേല്‍ രാഷ്ട്രത്തെ പ്രതിരോധിക്കുവാനും ഇസ്രയേല്‍ ജനങ്ങളെ സംരക്ഷിക്കുവാനും വേണ്ടതെല്ലാം തങ്ങള്‍ ചെയ്യും- ഇസ്രയേലി പ്രതിരോധ സേന എക്സില്‍ കുറിച്ചു. തിരിച്ചടി പൂര്‍ണമായെന്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇതിന് അപ്പുറത്തേക്ക് കണക്കുകളൊന്നും അവര്‍ പറയുന്നില്ല.
ആക്രമണത്തിനു മുമ്പ് അമേരിക്കയെയും ഇസ്രയേല്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പക്ഷേ, അമേരിക്ക ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha