രാജ്യത്തെ പ്രമുഖ ഹോട്ടലുകൾക്കും ഭീഷണി... 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്... അമിത് ഷാ സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി... സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല...
വിമാനങ്ങൾക്കുനേരെ അടിക്കടി ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.ഇമെയിൽ വഴിയായിരുന്നു സന്ദേശം. ഇതിനെ തുടർന്ന് കൊൽക്കത്തയിലെ പത്ത് ഹോട്ടലുകളുടെ പ്രവർത്തനം തടസപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി.ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
രാജ്കോട്ടിലെ പത്ത് ഹോട്ടലുകൾക്കും ഭീഷണി നേരിട്ടിരുന്നു.വ്യാജ ഇമെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 'നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയിൽ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടൻ പൊട്ടിത്തെറിക്കും' എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.അതേസമയം,പ്രശസ്തിക്കുവേണ്ടി വ്യാജ ബോംബ് ഭീഷണി മുഴക്കിയ 25കാരൻ ഡൽഹിയിൽ പിടിയിലായി.
വിമാനക്കമ്പനികൾക്കെതിരെ വ്യാജ ഭീഷണികൾ വ്യാപകമായ ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. ടിവിയിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ട് പ്രശസ്തിക്കുവേണ്ടിയാണ് ഭീഷണി മുഴക്കിയതെന്ന് ഉത്തം നഗർ രാജപുരി സ്വദേശി ശുഭം ഉപാദ്ധ്യായ പൊലീസിനോട് പറഞ്ഞത്.ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കും ഇടയിൽ ഒരു സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി രണ്ട് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു.
https://www.facebook.com/Malayalivartha