കാനഡ കൊണ്ടേ പോകുള്ളൂ... ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ അമിത് ഷായാണെന്ന് കാനഡ
കളിച്ച് കളിച്ച് കാനഡ അവസാനം ഇന്ത്യന്‍ മന്ത്രിയെ വരെ തൊടുകയാണ്. അതും കരുത്തനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ. ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കുപിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നത്.
യു.എസ്. ദിനപത്രമായ 'വാഷിങ്ടണ്‍ പോസ്റ്റി'ലാണ് ഈ വിവരം ആദ്യം വന്നത്. പത്രത്തിനു വിവരം നല്‍കിയത് താനാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാസമിതിയെ ചൊവ്വാഴ്ച അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിനും വിവരം പരസ്യപ്പെടുത്തിയെന്ന് സമ്മതിച്ചു.
'പോസ്റ്റി'ലെ ജേണലിസ്റ്റ് വിളിച്ച് ഷായാണോ ഗൂഢാലോചനയുടെ സൂത്രധാരന്‍ എന്നുചോദിച്ചപ്പോള്‍ താന്‍ സ്ഥിരീകരിച്ചുവെന്നാണ് മോറിസണ്‍ ദേശീയ സുരക്ഷാസമിതിയോടു പറഞ്ഞത്. എന്നാല്‍, ഷായുടെ പങ്കിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം പത്രത്തോട് വിശദമാക്കിയില്ല. തെളിവും നല്‍കിയില്ല. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയമോ ഈ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.
അതിനിടെ, കനേഡിയന്‍ പൗരരുടെയും കാനഡയിലെ ഇന്ത്യന്‍ പൗരരുടെയും വിവരം നയതന്ത്ര മാര്‍ഗങ്ങളിലൂടെയും അല്ലാതെയും ഇന്ത്യാസര്‍ക്കാര്‍ ശേഖരിച്ചെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിന്‍ പറഞ്ഞു. ഈ വിവരം ഡല്‍ഹിക്കു കൈമാറി. ഡല്‍ഹിയിലുള്ളവര്‍ അധോലോകത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുമായിബന്ധപ്പെട്ട ക്രിമിനല്‍ശൃംഖലയുടെ സഹായത്തോടെ പ്രവര്‍ത്തിച്ചു. ബിഷ്‌ണോയി ഇന്ത്യയിലെ ജയിലിലാണെങ്കിലും കാനഡയില്‍ അയാള്‍ക്ക് വലിയ ക്രിമിനല്‍ ശൃംഖലയുണ്ടെന്ന് ഡ്രൂയിന്‍ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ദേശീയസുരക്ഷാ സമിതിക്ക് മൊഴിനല്‍കി.
കനേഡിയന്‍ പൗരനായ ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ 2023 ജൂണില്‍ സറേയില്‍ കൊല്ലപ്പെട്ടതിനുപിന്നില്‍ ഇന്ത്യയാണെന്ന് ആ വര്‍ഷം സെപ്റ്റംബറില്‍ ട്രൂഡോ ആരോപിച്ചതോടെയാണ് ഈ വിഷയം നയതന്ത്രപ്രശ്‌നമായത്. നിജ്ജറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് ഈ മാസം റോയല്‍ കനേഡിയന്‍ മൗണ്ട് പോലീസ് (ആര്‍.സി.എം.പി.) ആരോപിച്ചു. ഇതോടെ സ്ഥാനപതിയുള്‍പ്പെടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. കാനഡയുടെ ആക്ടിങ് സ്ഥാനപതിയുള്‍പ്പെടെയുള്ളവരെ ഇന്ത്യയില്‍നിന്ന് തിരിച്ചയക്കുകയും ചെയ്തു.
നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ കനേഡിയന്‍ പോലീസ് ആരോപണമുന്നയിക്കുംമുന്‍പ് സംഭവത്തിന്റെ ഉത്തരവാദിത്വം ഉറപ്പാക്കാന്‍ ഇന്ത്യാസര്‍ക്കാരുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഡ്രൂയിന്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി രണ്ടുദിവസംമുന്‍പ് സിങ്കപ്പൂരില്‍ കൂടിക്കാഴ്ച നടത്തി. ഉത്തരവാദിത്വം ഏല്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യാസര്‍ക്കാര്‍ കാനഡയോടു സഹകരിക്കില്ലെന്ന് വ്യക്തമായതോടെയാണ് വിവരങ്ങള്‍ മാധ്യമത്തിലൂടെ പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും ഡ്രൂയിന്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ 'ദ ഗ്ലോബ് ആന്‍ഡ് മെയിലാ'ണ് അമിത് ഷായുടെ പങ്കിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിനുപിന്നില്‍ ഡ്രൂയിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്.
അതിനിടെ, വിവരം അമേരിക്കന്‍ മാധ്യമത്തിലൂടെ പുറത്തുവിട്ടത് കാനഡയില്‍ രാഷ്ട്രീയവിമര്‍ശനത്തിന് ഇടയാക്കി. കനേഡിയന്‍ പൊതുജനം 'വാഷിങ്ടണ്‍ പോസ്റ്റ്' വായിക്കുന്നവരല്ലെന്നും അതിലൂടെ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത് ശരിയായില്ലെന്നും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പി. റാക്വെല്‍ ഡാങ്കോ പറഞ്ഞു. അതേസമയം, അന്വേഷണത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ താന്‍ ഒരുകാര്യവും പുറത്തുപറഞ്ഞിട്ടില്ലെന്ന് ആര്‍.സി.എം.പി. കമ്മിഷണര്‍ മൈംക്ക് ഡുഹീം പറഞ്ഞു.
https://www.facebook.com/Malayalivartha