സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ച മുതല്‍ മംഗളൂരുവിലെ സോമേശ്വര ഉച്ചിലയിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു മൂവരും. മൈസൂരു സ്വദേശികളായ 21 കാരിയായ നിഷിത എംഡി, 20 കാരിയായ പാര്‍വതി എസ്, 21 കാരിയായ കീര്‍ത്തന എന്‍ എന്നിവരാണ് മരണപ്പെട്ടു.
പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് യുവതികള്‍ വീഡിയോ റെക്കോര്‍ഡു ചെയ്യാന്‍ ഫോണ്‍ സജ്ജീകരിച്ച് കുളത്തിനരികില്‍ നിന്ന് കുളത്തിലേക്ക് പ്രവേശിച്ചത്. കുളത്തില്‍ പ്രവേശിച്ച് കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, യുവതികളില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. അവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റ് രണ്ട് സ്ത്രീകളും മുങ്ങിമരിച്ചു. ഏതാനും മിനിറ്റുകള്‍ക്കകം മുഴുവന്‍ സംഭവങ്ങളും നടന്നതായി പോലീസ് പറയുന്നു.
കുളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ യുവതികള്‍ കുളത്തില്‍ നീന്താന്‍ കഴിയാതെ മുങ്ങിത്താഴുന്നത് കാണാം. മൂവര്‍ക്കും നീന്തല്‍ അറിയാത്തതിനാലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. റിസോര്‍ട്ട് ജീവനക്കാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. ഉള്ളാള പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം റിസോര്‍ട്ടിലെത്തി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha