ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും
ബംഗളുരുവില്‍ ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും. സ്വര്‍ണവും പണവും മോഷ്ടിച്ച കുറ്റത്തിന് 31കാരിയായ യുവതിയെ പോലീസ് പിടികൂടി. വീട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്ന ഇവര്‍ കൈ ഞരമ്പ് മുറിച്ച് ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പുരുഷ സുഹൃത്തിന് അയച്ചു കൊടുത്ത ചിത്രങ്ങളാണ് യുവതിക്ക് അവസാനം കുരുക്കായി മാറിയത്.
യുവതി സഹകരിക്കാതിരുന്നിട്ടും പൊലീസിന് കിട്ടിയ നിര്‍ണായക തെളിവാണ് കേസില്‍ തുമ്പായി മാറിയത്. ഡോക്ടറുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച വസ്ത്രം ധരിച്ച് യുവതി സ്വന്തം ഫോട്ടോ എടുത്ത് കാമുകന് അയച്ചുകൊടുത്തിരുന്നു. ഈ ഫോട്ടോ കിട്ടിയതോടെ മോഷണം നടത്തിയത്. രുക്മിണി തന്നെയെന്ന് പൊലീസിന് മനസിലായി. മോഷ്ടിച്ച ആഭരണങ്ങള്‍ യുവതി തന്റെ കട്ടിലിന് താഴെ ചെറിയ ദ്വാരമുണ്ടാക്കി അവിടെ സൂക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ചിലത് മൈസുരു അശോക നഗറിലെ ജ്വല്ലറികളില്‍ വില്‍ക്കുകയും ചിലത് പണയം വെയ്ക്കുകയും ചെയ്തു. 123 ഗ്രാം സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ബംഗളുരുവിലെ ബേഗൂരിന് സമീപം അക്ഷയ നഗറില്‍ താമസിക്കുന്ന ഡോ. സുധീന്ദ്രയാണ് ഹുളിമാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഓഗസ്റ്റ് 29 മുതല്‍ നവംബര്‍ ഏഴ് വരെ രുക്മിണി എന്ന യുവതി വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. വീട്ടുജോലികള്‍ ചെയ്യാനും കുഞ്ഞിനെ നോക്കാനുമാണ് രുക്മിണിയെ കുടുംബം ജോലിക്ക് നിര്‍ത്തിയത്. എന്നാല്‍ ഈ സമയം കൊണ്ട് വീട്ടില്‍ പണവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് രുക്മിണി കണ്ട് മനസിലാക്കിയെന്ന് പൊലീസ് പറയുന്നു. ഇതിനോടൊപ്പം 70,000 രൂപയും മാലകളും ബ്രേസ്ലെറ്റുകളും കമ്മലുകളും ഡയമണ്ട് റിങ്ങുകളും ഉള്‍പ്പെടെയുള്ള ആഭരണങ്ങളും ഒരു പട്ട് സാരിയും മോഷ്ടിച്ചു.
നവംബര്‍ രണ്ടാം തീയ്യതി വരെ മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞില്ല. പിന്നീട് പരിശോധിച്ചപ്പോഴാണ് ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷണം പോയതായി മനസിലായത്. വീട്ടുകാരുടെ പരാതി ലഭിച്ചതിന് പിന്നാലെ രുക്മിണിയെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ഒരു സന്നദ്ധ സംഘടന നടത്തുന്ന കെയര്‍ ഹോമില്‍ പാര്‍പ്പിച്ചു. ഇതിനിടെ കൈ ഞരമ്പ് മുറിച്ച് യുവതി നാടകീയമായി ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha