ചാറ്റര്‍ജി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ഇ.ഡിയോട് സുപ്രീം കോടതി
അധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുന്ന ബംഗാള്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എത്രകാലം ജയിലില്‍ വയ്ക്കുമെന്ന് ഇഡിയോട് സുപ്രീംകോടതി. പാര്‍ഥ ചാറ്റര്‍ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ചാറ്റര്‍ജി രണ്ടുവര്‍ഷമായി ജയിലില്‍ ആണെങ്കിലും അദ്ദേഹത്തിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
''ഞങ്ങള്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കേസില്‍ 183 സാക്ഷികളുണ്ട്. വിചാരണയ്ക്ക് സമയമെടുക്കും. അദ്ദേഹത്തെ എത്രകാലം ജയിലിലിടും? അതാണ് ചോദ്യം.''- ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവിനോട് കോടതി ചോദിച്ചു. ''ഒടുവില്‍ ചാറ്റര്‍ജി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ എന്ത് ചെയ്യും? 2.5-3 വര്‍ഷം കാത്തിരിക്കുക എന്നുപറഞ്ഞാല്‍ അത് ചെറിയ കാലയളവല്ല''- കോടതി പറഞ്ഞു.
ചാറ്റര്‍ജിക്കുവേണ്ടി മുകുള്‍ റോഹ്ത്തഗിയാണ് കോടതിയില്‍ ഹാജരായത്. 2022 ജൂലൈ 23നാണ് ചാറ്റര്‍ജി അറസ്റ്റിലായതെന്ന് മുകുള്‍ കോടതിയെ അറിയിച്ചു. കള്ളപ്പണക്കേസിലെ പരമാവധി ശിക്ഷയുടെ മൂന്നിലൊന്ന് ഇപ്പോള്‍ തന്നെ ചാറ്റര്‍ജി അനുഭവിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാറ്റര്‍ജി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു.
https://www.facebook.com/Malayalivartha