സുപ്രധാന സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും....
സുപ്രധാന സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിക്കും.
ഇന്ന് വൈകുന്നേരം 4.08ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ സ്വന്തം പിഎസ്എല്‍വി-സി59 റോക്കറ്റിലാണ് പ്രോബ-3 വിക്ഷേപിക്കുക.
ഐഎസ്ആര്‍ഒ- ഇഎസ്എ സഹകരണത്തിന്റെ ഭാഗമായി കൂടിയാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങളെയും ഒരുമിച്ചാണ് പിഎസ്എല്‍വി-സി59 ബഹിരാകാശത്തേക്ക് അയക്കുക. ലോകത്തിന് മുന്നില്‍ വീണ്ടും കരുത്ത് തെളിയിക്കാനായി കാത്തിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന ബഹിരാകാശ ലോഞ്ച് വെഹിക്കിളായ പിഎസ്എല്‍വി.
ഐഎസ്ആര്‍ഒയുടെ കൊമേഴ്സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സി നിര്‍മിച്ച ഒരു ജോഡി പേടകങ്ങളെ (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3.
ലോകത്തിലെ ആദ്യത്തെ പ്രിസിഷന്‍ ഫോര്മേഷന് ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത. സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പ്രഭാവലയത്തെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാമാണ്.
https://www.facebook.com/Malayalivartha