ജര്‍മന്‍ പൗരനായിരിക്കെ വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിആര്‍എസ് നേതാവിന് 30 ലക്ഷം രൂപ പിഴ
ജര്‍മന്‍ പൗരനായിരിക്കെ ഇന്ത്യന്‍ പൗരനാണെന്ന വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിആര്‍എസ് നേതാവ് ചെന്നമനേനി രമേശിനെതിരെ നടപടി. കോണ്‍ഗ്രസ് നേതാവ് ആദി ശ്രീനിവാസ് നല്‍കിയ ഹര്‍ജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി. ജര്‍മന്‍ എംബസിയില്‍നിന്ന് താന്‍ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ നല്‍കുന്നതില്‍ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
4 തവണ വെമുലവാഡ സീറ്റില്‍ നിന്ന് രമേശ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ബിആര്‍എസ് നേതാവ് ചെന്നമനേനി രമേശിനു 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. അതില്‍ 25 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസിനു നല്‍കണം.
2009 ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. തുടര്‍ന്ന് 2010 മുതല്‍ 2018 വരെ മൂന്ന് തവണ, ബിആര്‍എസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. നിയമപ്രകാരം ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ വോട്ടുചെയ്യാനോ കഴിയില്ല.
രമേശിനു 2023 വരെ സാധുതയുള്ള ജര്‍മന്‍ പാസ്പോര്‍ട്ട് ഉണ്ടെന്നും അപേക്ഷയിലെ വസ്തുതകള്‍ മറച്ചുവച്ചതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 2020ല്‍ കേന്ദ്രം തെലങ്കാന ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ കാരണത്താല്‍ 2013ല്‍ അന്നത്തെ അവിഭക്ത ആന്ധ്രാപ്രദേശ് ഹൈക്കോടതി രമേശിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് രമേശ് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍, സ്റ്റേ നിലവിലിരിക്കെ, 2014, 2018 തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചു.
https://www.facebook.com/Malayalivartha