നയന്‍താര പകര്‍പ്പവകാശം ലംഘിച്ചു: ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി
നയന്‍താരവിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ തര്‍ക്കത്തില്‍ നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നടപടിയെടുത്ത് കോടതി. വിഷയത്തില്‍ ജനുവരി എട്ടിനകം നടി നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ലിക്‌സ് എന്നിവരും മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണു ധനുഷിന്റെ ഹര്‍ജി. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ 'നാനും റൗഡി താന്‍' എന്ന ധനുഷ് നിര്‍മിച്ച ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
10 കോടി രൂപയുടെ പകര്‍പ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. ആരാധകര്‍ക്കു മുന്‍പില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണു ധനുഷെന്നും നയന്‍താര ഇന്‍സ്റ്റഗ്രാമിലും കുറിച്ചു. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവനാണ് നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റില്‍നിന്നാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ചിത്രത്തിലെ പാട്ടുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ധനുഷിന്റെ നിര്‍മാണ കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇതു പരിഗണിക്കുന്നത് മനപ്പൂര്‍വം വൈകിക്കുകയും ചെയ്തതായി നയന്‍താര പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തി. പിന്നാലെ ഇത് പകര്‍പ്പവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി.
https://www.facebook.com/Malayalivartha