ജയിലില്‍തന്നെ കഴിയേണ്ടിവന്നെങ്കിലും അല്ലു അര്‍ജുന്‍ ജയില്‍ അധികൃതരോട് ഒരു സഹായവും ആവശ്യപ്പെട്ടില്ല
തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം കിട്ടിയെങ്കിലും താരത്തിന് ഒരു ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി നടന് ഇടക്കാലജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍, ജാമ്യ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ വെള്ളിയാഴ്ച രാത്രി അല്ലു അര്‍ജുന് ജയിലില്‍തന്നെ കഴിയേണ്ടിവന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് നടന്‍ ജയില്‍മോചിതനായത്.
ഒരുരാത്രി മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്ന താരം സാധാരണ രീതിയിലാണ് ചെലവഴിച്ചതെന്ന് തെലങ്കാന ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നടനെ 'സ്പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി' ആയാണ് പരിഗണിച്ചതെന്നാണ് തെലങ്കാന ജയില്‍വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ജയിലില്‍ നിന്നും താരം രാത്രി ചോറും വെജ് കറിയും കഴിച്ചു. അല്ലു അര്‍ജുനെ ഒട്ടും സങ്കടപ്പെട്ട് കണ്ടില്ലെന്നും ഓഫീസര്‍ പറഞ്ഞു.
സാധാരണയായി ജയിലില്‍ അത്താഴ സമയം വൈകുന്നേരം 5.30 ആണ്. എന്നാല്‍ വൈകിയെത്തുന്ന തടവുകാര്‍ക്ക് ഭക്ഷണവും നല്‍കുന്നുണ്ട്. വൈകിട്ട് ആറരയോടെയാണ് താരത്തെ ജയിലിലേക്ക് കൊണ്ടുവന്നത്. കോടതി ഉത്തരവനുസരിച്ച്, പ്രത്യേക കാറ്റഗറി തടവുകാരനായാണ് പരിഗണിച്ചത്. അല്ലു അര്‍ജുനെ ജയിലിലെ മറ്റ് തടവുകാരില്‍ നിന്ന് വേറിട്ട് നിര്‍ത്തി. ഉറങ്ങാന്‍ കിടക്കയും മേശയും കസേരയും നല്‍കി. ജയില്‍ അധികൃതരോട് ഒരു സഹായവും ആവശ്യപ്പെട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ ഓര്‍ത്തെടുത്തു.
ഇന്നലെ രാവിലെയോടെ മടങ്ങിയെത്തിയ അല്ലു അര്‍ജുനെ വളരെ വൈകാരികമായാണ് കുടുംബാംഗങ്ങള്‍ വരവേറ്റത്. പിന്നാലെയാണ് തെലുങ്ക് സിനിമ- വ്യവസായ രംഗത്തെ പ്രമുഖര്‍ അല്ലു അര്‍ജുനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, സുരേഖ, സംവിധായകന്‍ സുകുമാര്‍ തുടങ്ങി നിരവധി പേരാണ് നടനെ കാണാനായി വസതിയില്‍ എത്തിയത്.
https://www.facebook.com/Malayalivartha