പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ ദാരുണ അപകടം: 21 കാരിയായ പൈലറ്റ് ട്രെയിനി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം
പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 കാരി മരണത്തിന് കീഴടങ്ങി. 21 കാരി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം. ഇതോടെ ഡിസംബര്‍ 9നുണ്ടായ വാഹന അപകടത്തില്‍ മരിച്ച പൈലറ്റ് ട്രെയിനികളുടെ എണ്ണം മൂന്നായി. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചേഷ്ട ബിഷ്‌ണോയി ആണ് ചൊവ്വാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്. ചേഷ്ട ബിഷ്‌ണോയിയുടെ കണ്ണുകള്‍, കരള്‍, ഹൃദയം, വൃക്കകള്‍ അടക്കമുള്ള അവയവങ്ങളാണ് രക്ഷിതാക്കള്‍ ദാനം ചെയ്തത്.
ബരാമതി ബിഗ്വാന്‍ പാതയിലുണ്ടായ അപകടത്തിലാണ് ബരാമതിയിലെ റെഡ് ബേഡ് ഫ്‌ലൈറ്റ് ട്രെയിനിംഗ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടത്. കൊടും വളവില്‍ നിയന്ത്രണം നഷ്ടമായ ഇവരുടെ കാര്‍ മരത്തില്‍ ഇടിക്കുകയും വലിയ മരം ഇവരുടെ കാറിന് മേലേയ്ക്ക് പതിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടത്. ജയ്പൂര്‍ സ്വദേശിനിയാണ് ചേഷ്ട ബിഷ്‌ണോയി. ഡിസംബര്‍ 8 ന് ഒരു പാര്‍ട്ടി കഴിഞ്ഞ ശേഷം ഡ്രൈവിന് പോയ വിദ്യാര്‍ത്ഥികള്‍ അക്കാദമിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗതയിലായിരുന്നു.
ബരാമതി എംഐഡിസ്‌ക്ക് സമീപത്തെ പൈപ്പ് ലൈനിന് സമീപത്ത് വച്ച് തലകീഴായി മറിഞ്ഞ കാര്‍ മുന്‍പിലുണ്ടായിരുന്ന മരത്തിലിടിച്ച് മരം കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കൃഷ്ണ മംഗള്‍സിംഗ് എന്ന 21കാരനായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
ദാഷു ശര്‍മ്മ, ആദിത്യ കാന്‍സേ എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്. കൃഷ്ണ ചികിത്സയില്‍ തുടരുകയാണ്. ചേഷ്ട ബിഷ്‌ണോയിയുടെ തലയ്ക്കായിരുന്നു അപകടത്തില്‍ പരിക്കേറ്റത്. കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരും മദ്യപിച്ചിരുന്നുവെന്ന് പുനെ പൊലീസ് നേരത്തെ വിശദമാക്കിയത്.
https://www.facebook.com/Malayalivartha