ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കുള്ള ജിഎസ്ടി ഇളവ് തള്ളി 55-ാമത് ജിഎസ്ടി കൗണ്‍സില്‍
ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കുള്ള ജിഎസ്ടി ഇളവ് തള്ളി 55-ാമത് ജിഎസ്ടി കൗണ്‍സില്‍. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്ന ജിഎസ്ടി കൗണ്‍സിലിലാണ് തീരുമാനം. വ്യാപാരി കയറ്റുമതിക്കാര്‍ക്കുള്ള നഷ്ടപരിഹാര സെസ് കുറയ്ക്കാനും കൗണ്‍സിലില്‍ തീരുമാനമായി. പ്രവര്‍ത്തന മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനായാണ് വ്യാപാരി കയറ്റുമതിക്കാര്‍ക്കുള്ള നഷ്ടപരിഹാര സെസ് കുറയ്ക്കുന്നതെന്ന് കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിനെ (എടിഎഫ്) ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇത്തവണത്തെ ജിഎസ്ടി കൗണ്‍സിലിലും തീരുമാനമായില്ല. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ ചാര്‍ജുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തേണ്ടതില്ലെന്നും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലെ നികുതി നിരക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതും ജിഎസ്ടി കൗണ്‍സില്‍ മാറ്റിവച്ചതായി ധനമന്ത്രി വ്യക്തമാക്കി. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലെ നികുതി നിരക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളാണ് മാറ്റിവച്ചത്.
പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) 5% ജിഎസ്ടി നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വ്യക്തികള്‍ തമ്മില്‍ വില്‍ക്കുന്ന പഴയ ഇവികള്‍ക്ക് ജിഎസ്ടി ഉണ്ടായിരിക്കുന്നതല്ല. അതേസമയം, ഏതെങ്കിലും കമ്പനികള്‍ ഉപയോഗിച്ച ഇവികളോ പെട്രോള്‍, ഡീസല്‍ വാഹനങ്ങളോ വില്‍ക്കുകയാണെങ്കില്‍, അതിനുള്ള ജിഎസ്ടി നിരക്ക് 18 ശതമാനമായി ഉയര്‍ത്തുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.
അതേസമയം, വ്യാപാരമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന പല തീരുമാനങ്ങള്‍ എടുക്കുന്നതോടൊപ്പം ചെറുകിടമേഖലയെ സഹായിക്കുന്നതും കമ്പോളത്തിന്റെ കുത്തകവല്‍ക്കരണം തടയുന്നതിന് ആവശ്യമായതുമായ തീരുമാനങ്ങളും എടുക്കാന്‍ കഴിഞ്ഞെന്ന് ജിഎസ്ടി കൗണ്‍സിലിന് ശേഷം സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി. ഐജിഎസ്ടി മേഖലയിലെ കൃത്യത ഉറപ്പ് വരുത്തുക എന്നത് ദീര്‍ഘകാലമായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. നിലവില്‍ അന്തര്‍ സംസ്ഥാന ഇടപാടുകളില്‍ പല വ്യക്തികളും എവിടേയ്ക്കാണ് സേവനം നല്‍കിയത് എന്നു രേഖപ്പെടുത്താത്തതിനാല്‍ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഈ മാറ്റത്തിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
രജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യക്തികള്‍ ബിസിനസുകള്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്കിയാല്‍ വാടകയ്ക്ക് എടുത്ത വ്യാപാരി റിവേഴ്സ് ചാര്‍ജ്ജ് അടിസ്ഥാനത്തില്‍ വാടകയ്ക്ക് മേലുള്ള ജിഎസ്ടി അടയ്ക്കണം എന്ന് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇങ്ങനെ അടയ്ക്കുന്ന നികുതിയുടെ ക്രെഡിറ്റ് എടുക്കാന്‍ സാധിക്കാത്ത കോമ്പൊസിഷന്‍ സ്‌കീമിലുള്ള വ്യാപാരികള്‍ക്ക് ഇതൊരു അധിക ബാധ്യത ആയി മാറിയെന്ന് കൗണ്‍സില്‍ യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. കോമ്പോസിഷന്‍ സ്‌കീമില്‍ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടകയ്ക്കുമേല്‍ ഉള്ള റിവേഴ്സ് ചാര്‍ജ്ജ് നികുതി ബാധ്യതയില്‍ നിന്നും ഒഴിവാക്കാന്‍, ഇത്തവണത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനങ്ങളുടെ പരിമിതമായ നികുതി അധികാരങ്ങളെ ചോര്‍ത്തുന്ന ഒരു നടപടിയും കേരളത്തിനു സ്വീകാര്യമല്ലെന്നും കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി വാദിച്ചിട്ടുണ്ട്. 2018 ലെ വെള്ളപ്പൊക്കം ദുരിതാശ്വാസത്തിനായി ഫ്‌ലഡ് സെസ്സ് പിരിക്കാന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഇതിന് സമാനമായി സെസ് പിരിവ് നടത്താന്‍ ആന്ധ്രാപ്രദേശ് കൗണ്‍സിലില്‍ അനുമതി ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ കേരളം കൗണ്‍സിലില്‍ പിന്താങ്ങിയിട്ടുണ്ടെന്നും കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha