അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം
ഇത്രയും പ്രശസ്തനായിട്ടും മറ്റൊരു സിനിമാ താരത്തിനും പറ്റാത്ത അപമാനമാണ് അല്ലു അര്‍ജുനന് കിട്ടിയത്. പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍ രംഗത്തെത്തി. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഈ ആരോപണങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും നടന്‍ പ്രതികരിച്ചു.
'ഒരുപാട് തെറ്റായ വിവരങ്ങള്‍ എല്ലായിടത്തും എത്തുന്നുണ്ട്. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനേയോ പാര്‍ട്ടിയേയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഈ ആരോപങ്ങളെല്ലാം വ്യക്തിഹത്യയാണ്. അപമാനിക്കപ്പെടുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ദയവായി നിങ്ങള്‍ എന്നെ വിലയിരുത്തരുത്. അന്ന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ വീണ്ടും മാപ്പ് ചോദിക്കുന്നു.'-അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
'തിയേറ്റര്‍ മാനേജ്മെന്റാണ് അനുവാദം വാങ്ങിയത്. പോലീസ് വഴിയൊരുക്കിയതോടെയാണ് ഞാന്‍ അകത്തേക്ക് പ്രവേശിച്ചത്. ഞാന്‍ നിയമം അനുസരിക്കുന്ന പൗരനാണ്. അനുമതിയില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോകുമായിരുന്നു. ഞാനൊരു റോഡ് ഷോയും നടത്തിയിട്ടില്ല. ഒരു പോലീസുകാരനും എന്നോട് അവിടെ നിന്ന് പോകാന്‍ പറഞ്ഞിട്ടില്ല. നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആള്‍ക്കൂട്ടമുണ്ടെന്നും അവിടെ നിന്ന് പോകണമെന്നും എന്നോട് എന്റെ മാനേജറാണ് പറഞ്ഞത്.'-അല്ലു അര്‍ജുന്‍ വ്യക്തമാക്കുന്നു.
പോലീസ് അനുമതി നിഷേധിച്ചിട്ടും ഡിസംബര്‍ നാലിന് സന്ധ്യ തിയേറ്ററില്‍ നടന്ന പുഷ്പ-2 എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കുകയായിരുന്നുവെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണത്തിന് പിന്നാലെയാണ് നടന്റെ പ്രതികരണം. അപ്രതീക്ഷിതമായി അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 വയസുള്ള യുവതി മരിച്ചിരുന്നു. ഇവരുടെ എട്ട് വയസുകാരനായ മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിയേറ്ററിലേക്ക് വന്നപ്പോഴും പുറത്തേക്ക് പോയപ്പോഴും തന്റെ കാറിന്റെ സണ്‍റൂഫിലൂടെ അല്ലു അര്‍ജുന്‍ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നുവെന്നും താരത്തെ ഒരു നോക്കുകാണാനായി ആരാധകര്‍ തിക്കും തിരക്കും കൂട്ടിയതോടെ അപകടം സംഭവിക്കുകയായിരുന്നുവെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു. യുവതിയുടെ മരണശേഷവും തിയേറ്റര്‍ വിടാതിരുന്ന അല്ലു അര്‍ജുനെ പോലീസ് നിര്‍ബന്ധിപ്പിച്ചാണ് പുറത്തിറക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
എ.ഐ.എം.ഐ.എം എംഎല്‍എ അക്ബറുദ്ദീന്‍ ഉവൈസിയും അല്ലു അര്‍ജുനെതിരെ രംഗത്തെത്തിയിരുന്നു. ദാരുണ സംഭവത്തില്‍ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് നടന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇക്കാര്യം നടനെ അറിയിച്ചപ്പോള്‍ 'ഇനി ഏതായാലും സിനിമ ഹിറ്റായിക്കോളും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും അക്ബറുദ്ദീന്‍ ആരോപിച്ചിരുന്നു.
ഡിസംബര്‍ നാലിന് സന്ധ്യാ തിയേറ്ററിലാണ് ദാരുണ സംഭവമുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധത്തിലുള്ള മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന അല്ലു അര്‍ജുന്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
അതേസമയം പുഷ്പ-2 സിനിമയുടെ പ്രചാരണത്തിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്കു സൂപ്പര്‍താരം അല്ലു അര്‍ജുനെ കുറ്റപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഢി. പോലീസിന്റെ അനുമതിയില്ലാതെയാണു അല്ലു അര്‍ജുന്‍ തീയറ്ററിലെത്തിയതെന്ന് രേവന്ത് റെഡ്ഢി. തിക്കിലും തിരക്കിലുംപെട്ടു 35കാരിയായ സ്ത്രീ മരിച്ചതിനുശേഷവും നടന്‍ തിയേറ്ററിനുള്ളില്‍ തുടര്‍ന്നതിനാല്‍ പോലീസിന് നടനെ നിര്‍ബന്ധിച്ചു പുറത്തിറക്കേണ്ടിവന്നുവെന്നും നിയമസഭയില്‍ അക്ബറുദ്ദീന്‍ ഒവൈസിയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha