അല്ലു അര്‍ജുന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം: 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു
നടന്‍ അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം. അതിക്രമിച്ചു കയറിയ ആളുകള്‍ വീടിനു കല്ലെറിയുകയും പൂച്ചെട്ടികള്‍ തകര്‍ക്കുകയും ചെയ്തു. ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എന്ന് അവകാശപ്പെട്ടവരാണ് ആക്രമണം നടത്തിയത്. പുഷ്പ2 സിനിമാ പ്രദര്‍ശനത്തിനിടെ തിയറ്ററിലുണ്ടായ തിരക്കില്‍ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം നടക്കുമ്പോള്‍ അല്ലു വീട്ടിലുണ്ടായിരുന്നില്ല.
ഡിസംബര്‍ നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സ്ത്രീയുടെ മരണത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. അല്ലുവിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും രാത്രി ജയിലില്‍ കഴിയേണ്ടിവന്നു.
അല്ലു അര്‍ജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിയറ്ററില്‍ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് അപകടത്തിനിടയാക്കിയതെന്നും, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. സര്‍ക്കാരിന് അല്ലുവിന്റെ അറസ്റ്റില്‍ ഒരു പങ്കുമില്ലെന്നും നിയമം അതിന്റെ വഴിക്കു പോകുമെന്നുമായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha