നരഹത്യ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അല്ലു അര്‍ജുന് നോട്ടിസയച്ച് പൊലീസ്
പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയര്‍ ഷോ കാണാനെത്തിയ യുവതി തിരക്കില്‍പെട്ട് മരിച്ച സംഭവത്തില്‍ നരഹത്യ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നടന്‍ അല്ലു അര്‍ജുന് പൊലീസിന്റെ നോട്ടിസ്. ചൊവാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടിസ് അയച്ചത്. ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് നടനെതിരെ കേസെടുത്തത്. ഡിസംബര്‍ 4നു ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം.
ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമാണ് രേവതി, പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്.
സന്ധ്യാ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്. അല്ലു അര്‍ജുന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha