ശാന്തനായ പ്രധാനമന്ത്രി... രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്‍ തന്നെ പ്രധാനമന്ത്രിയായതോടെ ഇന്ത്യ കുതിച്ചു; മന്‍മോഹന്‍ സിംഗിന്റെ ജീവിതം മാറ്റിമറിച്ചത് നരസിംഹ റാവുവിന്റെ അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോള്‍
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടിന്റെ വേദനയിലാണ് രാജ്യ. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ ഒന്നായിരുന്നു മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.
1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി അപ്രതീക്ഷിതമായാണ് മന്‍മോഹന്‍ സിംഗ് എത്തുന്നത്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ 1952ല്‍ ബിരുദവും 1954ല്‍ മാസ്റ്റര്‍ ബിരുദവും ഒന്നാം റാങ്കില്‍ നേടിയതിന് ശേഷം കേംബ്രിഡ്ജില്‍ ഉപരിപഠനം നടത്തി.
1957ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നും എക്കണോമിക്‌സ് ട്രിപ്പോസ് നേടിയതിന് ശേഷം ഇന്ത്യയിലെത്തി. പഞ്ചാബ് സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിക്ക് ചേര്‍ന്നു. 1969-71 കാലത്ത് ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പ്രൊഫസറായി. ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തില്‍ ഉപദേശകനുമായിരുന്നു. 1972ല്‍ ധനകാര്യ മന്ത്രാലയത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 ല്‍ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 ആസൂത്രണ കമ്മീഷന്‍ അംഗമായി. 1982 ല്‍ ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ പ്രണബ് മുഖര്‍ജി ധനകാര്യ മന്ത്രിയായിരിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമനം ലഭിച്ചു.
1985 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി തുടര്‍ന്നു. പിന്നീട് 1985-87 കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി ചുമതലയേറ്റു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മന്‍മോഹന്‍ സിങിനോട് മതിപ്പില്ലായിരുന്നു. ആസൂത്രണ കമ്മീഷനെ കോമാളി സംഘം എന്ന് രാജീവ് ഗാന്ധി വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് രാജിവെക്കാന്‍ ഒരുങ്ങിയ മന്‍മോഹന്‍ സിങിനെ ഏറെ പണിപെട്ടാണ് പിന്‍തിരിപ്പിച്ചതെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറിയും സിഎജിയുമായിരുന്ന സി ജി സോമയ്യ ആത്മകഥയില്‍ പറയുന്നുണ്ട്.
1987-90 കാലത്ത് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിന്‍തുടരുന്ന ബൗദ്ധിക കൂട്ടായ്മ, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി അദ്ദേഹം പോയി. 1991 ജൂണില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ധനമന്ത്രിയാവാന്‍ പുതിയ പ്രധാനമന്ത്രി നരസിംഹ റാവുവില്‍ നിന്ന് അപ്രതീക്ഷിത ഫോണ്‍ കോള്‍ മന്‍മോഹന്‍ സിങിനെ തേടിയെത്തി. ഇവിടെയാണ് മന്‍മോഹന്‍ സിങിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായതാണ് കേന്ദ്ര സര്‍ക്കാരില്‍ അദ്ദേഹമെത്തിയത്. പിന്നീട് തുടര്‍ച്ചയായി 4 തവണ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി.
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് സിങ് ധനമന്ത്രിയാവുന്നത്. ധനകമ്മി ജിഡിപിയുടെ 8.5 % , വിദേശനാണ്യ കരുതല്‍ ശേഖരം കഷ്ടിച്ച് 2 ആഴ്ചത്തേക്കുകൂടി മാത്രം എന്ന സ്ഥിതിയായിരുന്നു അന്ന്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പയെടുക്കാന്‍ രാജ്യം നിര്‍ബന്ധിതമായപ്പോള്‍ കടുത്ത സാമ്പത്തിക നടപടികളാണ് തിരികെ ഐഎംഎഫ് ആവശ്യപ്പെട്ടത്. ലൈസന്‍സ് രാജ് നീക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും മന്‍മോഹന്‍ സിങ് നിര്‍ബന്ധിതനായി. ഇറക്കുമതി ചുങ്കം കുറച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അടക്കം സാമ്പത്തിക പരിഷ്‌കാരങ്ങളോട് മുഖം തിരിച്ച നേതാക്കളോട് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അക്കാലത്തെ വാണിജ്യ സഹമന്ത്രി പി ചിദംബരം, മന്‍മോഹന്‍ സിങിനെ ഉപമിച്ചത് ഡെന്‍ സിയാവോപിങിനോടായിരുന്നു. 1992-93 കാലത്ത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 5.1 % ലേക്കും 1993-94 കാലത്ത് വളര്‍ച്ച നിരക്ക് 7.3 % ലേക്കും ഉയര്‍ന്നു. ആര്‍.എന്‍.മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് ഈ കാലത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പിലാക്കിയതും മന്‍മോഹന്‍ സിംഗ് ആണ്.
തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിങ്. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓര്‍ക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
https://www.facebook.com/Malayalivartha