വീണ്ടും അഭിമാനമാവാൻ ഇന്ത്യ...ഐഎസ്ആര്‍ഒയുടെ സ്പെയ്ഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും... ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണമാണിത്...
വീണ്ടും അഭിമാനമാവാൻ ഇന്ത്യ. രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ സ്പെയ്ഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്‌സ് ഉപഗ്രഹങ്ങള്‍ക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും ഐ.എസ്.ആര്‍.ഒ.യുടെ ധ്രുവീയ വിക്ഷേപണ വാഹനത്തിനൊപ്പം (പി.എസ്.എല്‍.വി.സി 60) തിങ്കളാഴ്ച കുതിച്ചുയരും.വിക്ഷേപണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്, ചേസറും ടാര്‍ജറ്റും. 220 കിലോഗ്രാം വീതം ഭാരമാണ് ഇവയ്ക്ക്. ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് അഥവാ സ്പാഡെക്‌സ് ദൗത്യം. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക.പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് തിങ്കളാഴ്ച രാത്രി 9.58നാണ് പി.എസ്.എല്‍.വി.സി 60 വിക്ഷേപിക്കുക.രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുക എളുപ്പമല്ല.രണ്ട് പേടകങ്ങളുടെയും വേഗ നിയന്ത്രണം കൃത്യമായിരിക്കണം. കൂടിച്ചേര്‍ന്ന് കഴിഞ്ഞാല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ എന്ന സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കേണ്ടതുണ്ട്. നിലയത്തെ ഒരൊറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിക്കുക സാധ്യമല്ല. ഘട്ടം ഘട്ടമായി വിക്ഷേപിച്ച് പിന്നീട് ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ക്കുക മാത്രമാണ് പ്രായോഗികം.
https://www.facebook.com/Malayalivartha