ഇസ്‌കോണ് സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി
ബംഗ്ലാദേശില്‍ അറസ്റ്റിലായ ഇസ്‌കോണ്‍ സന്ന്യാസിയായ ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി. ചിറ്റഗോങ്ങിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയാണ് ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. കൃഷ്ണദാസിന് പ്രമേഹരോഗവും ശ്വാസകോശ സംബന്ധമായ വിഷയങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. കൃഷ്ണദാസിനെ കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും കോടതിയില്‍ വാദമുണ്ടായി. ഏകദേശം അരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷം പക്ഷെ കോടതി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
നവംബറില്‍ ന്യൂ മാര്‍ക്കറ്റ് പ്രദേശത്ത് നടത്തിയ ഹിന്ദു വിഭാഗക്കാരുടെ റാലിക്ക് ശേഷമായിരുന്നു പൊലീസ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ദേശീയ പതാകയെ നിന്ദിച്ചു എന്ന് കാണിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിന്മയിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നവംബര്‍ 25 നാണ് ചിന്മോയ് കൃഷ്ണദാസിനെ ബംഗ്ലാദേശിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നതടക്കമുള്ള ആരോപണങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ധാക്കയിലെ വിമാനത്താവളത്തില്‍ നിന്നായിരുന്നു ചിന്മോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും ചിന്മയ് കൃഷ്ണദാസിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ഇതിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപകമായ തോതില്‍ അക്രമങ്ങളും അരങ്ങേറിയിരുന്നു. അതിനിടെ ചിന്മോയിയുടെ സംഘടനയായ ഇസ്‌കോണിനെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ കടുത്ത നടപടികളും സ്വീകരിച്ചിരുന്നു. ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളടക്കം ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് മരവിപ്പിട്ടിരുന്നു.
https://www.facebook.com/Malayalivartha