ഭിക്ഷക്കാരിയായ വയോധികയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച് കാട്ടിലുപേക്ഷിച്ച് യുവാവ്
ഭിക്ഷക്കാരിയായ വയോധികയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ച് യുവാവ്. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഹൊസൂര്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും ഭിക്ഷ തേടി ജീവിച്ചിരുന്ന 80കാരിയേയാണ് അജ്ഞാതനായ യുവാവ് പീഡിപ്പിച്ചത്.
വയോധികയെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ യുവാവിനെ കണ്ടെത്താനായി ഹൊസൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ച് പെറുക്കുകയാണ് പൊലീസ് സംഘം. ആശുപത്രിയിലുള്ള വയോധികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ചൊവ്വാഴ്ച രാത്രി താമസ സ്ഥലത്തേക്ക് പോകാനായി നിന്ന 80 കാരിയെ 25 വയസോളം പ്രായം വരുന്ന ബൈക്കിലെത്തിയ യുവാവ് സമീപിച്ച് എവിടെയെങ്കിലും വിടേണ്ടതുണ്ടോയെന്ന് ചോദിച്ചു.
കേളാമംഗലത്തേക്കാണ് പോകുന്നതെന്ന് 80കാരി പറഞ്ഞതോടെ യുവാവ് അവിടെ വാഹനത്തില്‍ എത്തിക്കാമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ 80 കാരി ബൈക്കില്‍ കയറി. എന്നാല്‍ കേളാമംഗലത്തേക്ക് പോവുന്നതിന് പകരം യുവാവ് പോയത് പെരന്തപ്പള്ളി റിസര്‍വ്വ് വനമേഖലയിലേക്ക് ആയിരുന്നു. ഇവിടെ വച്ച് യുവാവ് 80കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് യുവാവ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ദേഹമാസകലം പരിക്കുമായി വയോധികയെ കാട്ടിലുപേക്ഷിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇതുവഴി വന്ന പ്രദേശവാസികളില്‍ ചിലരാണ് അവശനിലയില്‍ വയോധികയെ നഗ്‌ന നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ ഹൊസൂര്‍ പൊലീസിന്റെ സഹായത്തോടെ വയോധികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ അജ്ഞാതനായ യുവാവിനെ കണ്ടെത്താനായി കൃഷ്ണഗിരി ഡിഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha