പെണ്‍കുട്ടികളെ കബളിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത 23 കാരന്‍ പിടിയില്‍
സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ കബളിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത 23 കാരന്‍ പിടിയില്‍. ഡല്‍ഹി സ്വദേശിയായ തുഷാര്‍ ബിബിഎ ബിരുദധാരിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ നോയിഡ കമ്പനിയിലെ ടെക്‌നിക്കല്‍ റിക്രൂട്ടറായി ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടികളുടെ വിശ്വാസം നേടിയെടുത്താല്‍ അവരുടെ ഫോണ്‍ നമ്പര്‍ തേടും. പിന്നീട് സ്വകാര്യ നിമിഷങ്ങള്‍ ആവശ്യപ്പെടും. താല്‍പര്യം നഷ്ടപ്പെടുമ്പോള്‍ പണം ആവശ്യപ്പെടും.
പണം നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങളും വിഡിയോകളും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും ഡാര്‍ക് വെബില്‍ വില്‍ക്കുമെന്നുമായിരുന്നു ഭീഷണി. ബംബിളില്‍ 500ല്‍ പരം പെണ്‍കുട്ടികളുമായും സ്‌നാപ്ചാറ്റിലും വാട്‌സാപ്പിലുമായി 200ല്‍ പരം പെണ്‍കുട്ടികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സ്വകാര്യനിമിഷങ്ങളെല്ലാം ശേഖരിച്ചുവച്ചിരുന്നതും പൊലീസ് കണ്ടെത്തി.
ആപ്പ് വഴി ലഭ്യമാകുന്ന ഒരു വെര്‍ച്വല്‍ രാജ്യാന്തര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു തുഷാറിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രമുഖ ഡേറ്റിങ്, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ബംബിള്‍, സ്‌നാപ്ചാറ്റ് തുടങ്ങിയവയില്‍ തുഷാര്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയിരുന്നു. യുഎസ് ആസ്ഥാനമായ ഫ്രീലാന്‍സ് മോഡലാണെന്നും ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയതാണെന്നുമായിരുന്നു ഈ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളില്‍ നല്‍കിയിരിക്കുന്ന വിവരം. ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോകളും സ്റ്റോറികളും ഉപയോഗിച്ചായിരുന്നു ഈ പ്ലാറ്റ്ഫോമുകളിലെ പ്രവര്‍ത്തനം. 18-30 വയസ്സിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു ഇയാളുടെ ഇരകള്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് തുഷാര്‍ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ബംബിള്‍ വഴി തുഷാറുമായി പെണ്‍കുട്ടി പരിചയത്തിലായത്. പിന്നാലെ ചിത്രങ്ങളും വിഡിയോകളും അയച്ചുകൊടുത്തു. നേരിട്ടു കാണണമെന്നു പലയാവര്‍ത്തി പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തി. പിന്നീടാണ് സ്വകാര്യ വിഡിയോ അയച്ചുകൊടുത്ത് ബ്ലാക്മെയില്‍ ചെയ്യാന്‍ ആരംഭിച്ചത്. ഭയന്നുപോയ അവര്‍ ചെറിയ തുകകള്‍ കൈമാറി. എന്നാല്‍ സ്ഥിരമായി ഭീഷണി ആയതോടെ കുടുംബത്തെ അറിയിച്ചശേഷം പരാതി നല്‍കുകയായിരുന്നു.
വെസ്റ്റ് ഡല്‍ഹി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഈ കേസിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. എസിപി അരവിന്ദ് യാദവിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സമഗ്ര അന്വേഷണത്തില്‍ തുഷാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടപാടുകള്‍ വെളിപ്പെടുത്തുന്ന തെളിവുകള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍, വെര്‍ച്വല്‍ മൊബൈല്‍ നമ്പര്‍, വിവിധ ബാങ്കുകളില്‍ നിന്നായി 13 ക്രെഡിറ്റ് കാര്‍ഡുകള്‍. ഡല്‍ഹിയില്‍നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള പെണ്‍കുട്ടികളുമായുള്ള 60 വാട്‌സാപ് ചാറ്റ് റെക്കോര്‍ഡുകള്‍ തുടങ്ങിയവ കണ്ടെത്തി. തുഷാറുമായി ബന്ധപ്പെടുത്തിയ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒന്നിലേക്കാണ് ഇരകളായ പെണ്‍കുട്ടികള്‍ പണം അയച്ചിരുന്നത്. മറ്റേ അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha