കൊവിഡിന് ശേഷം വീണ്ടുമൊരു പകർച്ച വ്യാധി...ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ...ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ...
കൊവിഡിന് ശേഷം വീണ്ടുമൊരു പകർച്ച വ്യാധിയുടെ സൂചനകൾ ചൈനയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ആശങ്ക പടർത്തുന്നുണ്ട്. കൊവിഡ് ചൈനക്ക് മാത്രമല്ല ലോക രാജ്യങ്ങൾക്കെല്ലാം വലിയ ആഘാതമാണ് സൃഷ്ടിച്ചത്.ചൈനയിലെ കൊവിഡ് നിയന്ത്രണങ്ങളും അടച്ചുപൂട്ടലുമൊക്കെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. കൊവിഡിന് ശേഷമുള്ള മൂന്ന് വർഷങ്ങളിൽ, ചൈനയുടെ സാമ്പത്തിക വളർച്ചാ നിരക്കിൻ്റെ വേഗം കുറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം രാജ്യം ഉൽപ്പാദന ശേഷി വീണ്ടെടുത്തെങ്കിലും വീണ്ടുമൊരു പകർച്ച വ്യാധി വ്യാപനം ഉണ്ടായാൽ അത് ചൈനയെ മാത്രല്ല മറ്റ് രാജ്യങ്ങളെയും സാരമായി ബാധിക്കും.
ചൈനയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രത്യേക കാലയളവിലെത്തുന്ന സീസണൽ വൈറസാണിതെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വൈറസ് വ്യാപന സാഹചര്യം നേരിടാൻ ഇന്ത്യ സജ്ജമാണെന്നും സ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.ചൈനയിൽ ആശങ്ക പടർത്തുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.
ചൈനയിലെ ആശങ്കയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം ഇന്നലെ ഉന്നതതല യോഗം ചേർന്നു. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ, ആരോഗ്യ സ്ഥാപനങ്ങളുടെ മേധാവികൾ, വിവിധ ആശുപത്രികളിലെ മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തണുപ്പ് കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണെന്ന് യോഗം വിലയിരുത്തി. ‘‘എച്ച്എംപിവി സാധാരണയായി കണ്ടുവരുന്ന വൈറസാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പ് കാലത്ത് ഇത്തരം വൈറസ് വ്യാപനം ഉണ്ടാകാറുണ്ട്. സാഹചര്യങ്ങളെ നേരിടാൻ ആശുപത്രികൾ സജ്ജമാണ്. ആവശ്യത്തിനു കിടക്കകളും ഓക്സിജനുമുണ്ട്’’– ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ. അതുൽ ഗോയൽ പറഞ്ഞു.
https://www.facebook.com/Malayalivartha