ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി..
ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്.
സാമ്പിളുകള്‍ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അവിടെനിന്നും ഫലം വന്നശേഷമായിരിക്കും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലും വൈറസ്ബാധ കണ്ടെത്തി. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐസിഎംആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്' ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഹ്യൂമൻ മെറ്റാന്യുമോവൈറസ്, രാജ്യത്ത് രണ്ടുപേരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി. എച്ച് എം പി വി മൂലമുണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജമാകണമെന്ന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി.സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്‌ഷൻ (എസ് എ ആർ ഐ) കേസുകളുടെയും ലാബിൽ സ്ഥിരീകരിച്ച ഇൻഫ്ളുവൻസ കേസുകളുടെയും വിശദമായ വിവരങ്ങൾ സൂക്ഷിക്കാൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.
പാരസെറ്റമോൾ, ആന്റിഹിസ്റ്റാമൈൻ, ബ്രോങ്കോഡൈലേറ്റർ, കഫ് സിറപ്പ് തുടങ്ങിയ മരുന്നുകൾ സ്റ്റോക്ക് ചെയ്യണം, ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണം, അവശ്യ കേസുകളിൽ ഐസൊലേഷൻ നിർബന്ധമാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഡൽഹി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേർന്നു.ബംഗളൂരുവിൽ മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങളിലാണ് എച്ച് എം പി വി വൈറസ് കണ്ടെത്തിയത്. രണ്ട് കുട്ടികൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കുഞ്ഞുങ്ങളുടെ സാമ്പിൾ ശേഖരിച്ച് പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്തിടെ എച്ച് എം പി വി, കൊവിഡ് 19, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ ചൈനയിൽ അതിവേഗം പടരുന്നെന്നും ആശുപത്രികൾ രോഗികളാൽ നിറയുന്നെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്. എല്ലാ വർഷവും ശൈത്യകാലത്തുള്ള സാധാരണ പ്രശ്‌നം മാത്രമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ജാഗ്രത നിർദേശവുമായി ഡൽഹി,മഹാരാഷ്ട്ര സർക്കാരുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇൻഫ്ലുവെൻസക്ക് സമാനമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം നൽകി. എച്ച്എംപിവി യുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ തയാറെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ലഭ്യമായ എല്ലാ നിരീക്ഷണ ചാനലുകളിലൂടെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ICMR HMPV-യുടെ സഞ്ചാര പ്രവണതകളെ വർഷമൊട്ടാകെ പിന്തുടരും.
ചൈനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) സമയബന്ധിതമായ അപ്ഡേറ്റുകൾ നൽകുകയാണ്, ഇത് നിലവിലുള്ള നടപടികൾക്ക് കൂടുതൽ സഹായകരമാകും. അടുത്തിടെ രാജ്യത്തുടനീളം നടത്തിയ പകർച്ചവ്യാധി പ്രതിരോധ പരിശീലന ഡ്രില്ലുകൾ ഇന്ത്യയെ ശ്വസന രോഗങ്ങളുടെ വർധനയെ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കിയിട്ടുണ്ട്. അവശ്യ ഘട്ടത്തിൽ പൊതുജനാരോഗ്യ ഇടപെടലുകൾ ഉടൻ നടപ്പാക്കാൻ രാജ്യം സജ്ജമാണ്.
ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍. ശരീരസ്രവങ്ങളിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങളില്‍ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമാകുന്നു.
https://www.facebook.com/Malayalivartha