മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തു... അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്
മക്കള്‍ക്ക് വിഷംനല്‍കി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ എന്‍ജിനിയറും ഭാര്യയും ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളായ അനൂപ് കുമാര്‍ (38), ഭാര്യ രാഖി (35), മകള്‍ അനുപ്രിയ (5), പ്രിയാന്‍ഷ് (2) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു അനൂപ്.
തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരിയെത്തി വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരും പൊലീസും നടത്തിയ പരിശോധനയിലാണ് കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം അനൂപും രാഖിയും തൂങ്ങി മരിക്കുകയായിരുന്നു. ഭിന്നശേഷിക്കാരിയായ മകള്‍ അനുപ്രിയയുടെ അസുഖവുമായി ബന്ധപ്പെട്ട് കുടുംബം മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ജോലിക്കാരി പൊലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ദമ്പതികള്‍ വളരെ സന്തോഷത്തിലായിരുന്നുവെന്നും പുതുച്ചേരി യാത്രയ്ക്ക് ഇവര്‍ തയാറെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ഇതിനായി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തിരുന്നു. വീട്ടില്‍ 3 പേരെയാണ് ദമ്പതികള്‍ സഹായത്തിന് നിര്‍ത്തിയിരുന്നത്. കുട്ടികളെ നോക്കാന്‍ ഒരാളും ഭക്ഷണമുണ്ടാക്കാന്‍ രണ്ടുപേരും. ഇവര്‍ക്ക് 15,000 രൂപവീതം ശമ്പളവും നല്‍കിയിരുന്നുവെന്നാണ് പ്രാധമിക അന്വേഷണത്തില്‍ നിന്നും പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha