22കാരനെയും 19കാരിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: നടന്നത് ക്രൂര കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പുതുവര്‍ഷത്തലേന്ന് 22കാരനെയും 19കാരിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അംഗീകരിക്കാതിരുന്ന യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ അച്ഛനും അമ്മയും അമ്മാവനും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോവുകയാണിപ്പോള്‍.
ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയിലെ ബിഗാ ഗ്രാമത്തിലാണ് പുതുവര്‍ഷത്തലേന്ന് ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. മിഥുന് കുഷ്വാഹ എന്ന 22കാരനെ തൂങ്ങി മരിച്ച നിലയിലും കാമിനി സാഹു എന്ന 18കാരിയെ വീടിന് പിന്നില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ട് പേരുടെയും പ്രണയ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് നാട്ടുപഞ്ചായത്ത് ചേര്‍ന്ന് മിഥുനോട് മാറി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് മിഥുന് അമ്മാവന്റെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അര്‍ദ്ധരാത്രിക്ക് ശേഷം കാമിനിയുടെ വീട്ടിലെത്തി രഹസ്യമായി പരസ്പരം കാണാറുണ്ടായിരുന്നു.
യുവാവ് സ്ഥിരം വീട്ടിലെത്തുന്നത് കാമിനിയുടെ ബന്ധുക്കളും മനസിലാക്കി. ജനുവരി ഒന്നിന് യുവതിയുടെ ജന്മദിനമായതിനാല്‍ മിഥുന് എന്തായാലും ആഘോഷിക്കാന്‍ എത്തുമെന്ന് കണക്കാക്കി കാത്തിരുന്നു. രാത്രി യുവാവ് എത്തിയപ്പോള്‍ പിടികൂടി കൈകള്‍ കെട്ടിയിട്ടു. തുടര്‍ന്ന് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു. കാമിനി എതിര്‍ക്കുകയും സംഭവം പൊലീസില്‍ അറിയിക്കുമെന്ന് പറയുകയും ചെയ്തതോടെ യുവതിയെയും വിഷം കുടിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മിഥുന്റെ മൃതദേഹം ഒരു മരത്തില്‍ കെട്ടിത്തൂക്കി. കാമിനിയുടെ മൃതദേഹം വീടിന് പിന്നില്‍ ഉപേക്ഷിച്ചു.
രാവിലെ എഴുന്നേറ്റ ശേഷം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പോലെ വീട്ടുകാര്‍ അഭിനയിച്ചു. കാമിനിയെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിച്ച് എല്ലാവരും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങി. മൃതദേഹം കണ്ടെത്തിയ ശേഷം പൊലീസിനെ അറിയിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് ആദ്യം കരുതിയത്.
https://www.facebook.com/Malayalivartha