ഡല്‍ഹി ആസ്ഥാനത്തെ ഏഴു സീറ്റുകളും തൂത്തുവാരിയ ബിജെപി അതേ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ ? ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആം ആദ്മി പുറത്താകാനും ബിജെപി ഭരണം പിടിക്കാനും സാധ്യത
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി ആസ്ഥാനത്തെ ഏഴു സീറ്റുകളും തൂത്തുവാരിയ ബിജെപി അതേ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്നാണ് അറിയേണ്ടത്. ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആം ആദ്മി പുറത്താകാനും ബിജെപി ഭരണം പിടിക്കാനുമുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ ചെറുതല്ല.ആം ആദ്മിയുടെ ആരാധ്യനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ ബിജെപി ജയിലില്‍ അടച്ചിട്ടും മാസങ്ങളോളം ജാമ്യമില്ലാതെ അകത്താക്കിയിട്ടും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി ബിജെപിക്ക അനുകൂലമായിരുന്നു. അതിശക്തമായ മത്സരം കാഴ്ചവച്ചിട്ടും ഡല്‍ഹിയിലെ ഏഴ് ലോക് സഭാ സീറ്റുകളും ബിജെപി അപ്പാടെ പിടിച്ചെടുത്തിരുന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസും ആം ആദ്മിയും നേരിയ ചലനം പോലും സൃഷ്ടിച്ചില്ലെന്നു മാത്രമല്ല അരവിന്ദ് കേജരിവാളിന്റെ ഇമേജ് വീണ്ടും താഴുകയാണുണ്ടായത്.
അഴിമതി ആരോപണങ്ങളും 33 കോടി രൂപ മുടക്കി ബംഗ്‌ളാവ് മോടിപിടിപ്പിച്ചതും അരവിന്ദ് കേജരിവാളിന്റെ ജനസമ്മതി കുറച്ചിരിക്കുന്നത്. നിലവിലെ സൗജന്യങ്ങള്‍ക്കു പുറമെ 60 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സഞ്ജീവനി യോജന, സ്ത്രീകള്‍ക്ക് മാസം 2100 രൂപ നല്‍കുന്ന മഹിളാ സമ്മാന്‍ യോജന എന്നിവ നടപ്പാക്കുമെന്നാണ് കേജ്രിവാളിന്റെ വാഗ്ദാനം. എന്തായാലും ഇനിയുള്ള മണിക്കൂറുകള്‍ അതിനിര്‍ണായകമാണ്. ആം ആദ്മി തിരിച്ചുവന്നില്ലെങ്കില്‍ ആ പ്രസ്ഥാനം അപ്പാടെ തകര്‍ന്നടിയുമെന്ന് തീര്‍ച്ചയാണ്. മാത്രവുമല്ല ബിജെപിക്ക് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന ആം ആദ്മിയെ ഇല്ലാതാക്കാനുള്ള അതിശക്തമായ നീക്കമാണ് ബിജെപി നടത്തിവരുന്നത്. കോണ്‍ഗ്രസ് എന്തെങ്കിലും നേട്ടം ഡല്‍ഹിയില്‍ വീണ്ടെടുക്കുമോ എന്നതും ഏറെ പ്രസക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ഡല്‍ഹി തൂത്തുവാരിയ ഘട്ടത്തില്‍ കോണ്‍ഗ്രസ് അവിടെ നേരിയ ചലനം പോലുമുണ്ടായിക്കിയില്ലെന്നതും ഏറെ പ്രസക്തമാണ്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും, കോണ്‍ഗ്രസും മുന്നേറുകയാണ്. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വികസനവും സൗജന്യവാഗ്ദാനങ്ങളുമാണ് കെജ്രിവാളിന്റെ പ്രചരണ ആയുധം. എന്നാല്‍ ആം ആദ്മിയേയും കെജ്രിവാളിനേയും കടന്നാക്രമിക്കുകയാണ് ബിജെപി. അതേസമയം, കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുടെ സൗജന്യ വാഗ്ദാനങ്ങള്‍ മറികടക്കാനുള്ള പ്രഖ്യാപനങ്ങളുമായി കളം പിടിക്കുകയാണ്. ഡല്‍ഹിയിലെ എല്ലാ സ്ത്രീകള്‍ക്കും മാസം 2500 രൂപ വീതം നല്‍കുമെന്നതുള്‍പ്പെടെ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
കടുത്ത തണുപ്പ് ഡല്‍ഹിയെ വിറപ്പിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. എട്ടിന് ഫലം പ്രഖ്യാപിക്കും. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തുക. ഡല്‍ഹി തലസ്ഥാന നഗരിയില്‍ ആകെ ഒന്നര കോടിയിലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 71 ലക്ഷം സ്ത്രീകളും രണ്ട് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരുമാണ്. സംസ്ഥാനത്ത് 12 സംവരണ സീറ്റുകളാണുള്ളത്.
പത്തുവര്‍ഷമായി ഡല്‍ഹി ഭരിക്കുന്ന അരവിന്ദ് കേജ്രിവാളും ആംആദ്മി പാര്‍ട്ടിയും ജീവന്‍മരണ പോരാട്ടത്തിലാണ്. നിയമസഭയ്ക്കു പിന്നാലെ 2022 ല്‍ ഡല്‍ഹി കോര്‍പറേഷന്‍ ഭരണം പിടിച്ച് സര്‍വാധിപത്യം സ്ഥാപിച്ചെങ്കിലും മദ്യനയ അഴിമതിയും ധൂര്‍ത്ത് ആരോപണങ്ങളും ആം ആദ്മിക്കു കടുത്ത വെല്ലുവിളിയാണ്. പുതിയ മദ്യനയം നടപ്പാക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന ഇ.ഡി, സി.ബി.ഐ കേസുകളില്‍ കുടുങ്ങിയ അരവിന്ദ് കേജ്രിവാളിന് ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഉറ്റ അനുയായികളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എം.പി തുടങ്ങിയവരെല്ലാം കേസില്‍ ഉള്‍പ്പെടുകയും ചെയ്തു.
2022ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ അഴിമതി ആരോപണങ്ങള്‍ ബാധിച്ചിരുന്നില്ല. എന്നാല്‍ ഇതിനു ശേഷമാണ് കേജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവുമുണ്ടായത്. ഭരണം കിട്ടിയാല്‍ സൗജന്യങ്ങള്‍ തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാസം 2500 രൂപ നല്‍കുന്ന പ്യാരി ദിദീ യോജന പദ്ധതിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഏഴു ലോക്‌സഭാ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ ഇത്തവണത്തെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയത്തെച്ചൊല്ലിയുള്ള വിവാദമാണ്. കോണ്‍ഗ്രസും ആം ആദ്മിയും ഒന്നിച്ചു മത്സരിക്കുമ്പോള്‍ ബിജെപി ഒറ്റക്കാണ് പൊരുതുന്നത്. സമീപകാല വിവാദങ്ങളും സംഭവവികാസങ്ങളും അനുകൂല തരംഗം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് ഇരുപക്ഷവും.
https://www.facebook.com/Malayalivartha