മുന്‍ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനല്‍ പാര്‍ട്ടി അധ്യക്ഷയുമായ ഖാലിദ സിയ ചികിത്സയ്ക്കായി ലണ്ടനിലേക്ക്
ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനല്‍ പാര്‍ട്ടി അധ്യക്ഷയുമായ ഖാലിദ സിയയെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടു പോയി. കരള്‍, വൃക്ക, ഹൃദ്രോഗം എന്നിവയുടെ ചികിത്സയ്ക്കായാണ് പോകുന്നതെന്ന് ഖാലിദ സിയയുടെ ഡോക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഖാലിദ സിയയ്ക്ക് ചികിത്സയ്ക്കായി ബംഗ്ലദേശിനു പുറത്തേക്കു പോകാന്‍ വഴിയൊരുങ്ങിയത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ഖാലിദ സിയയ്ക്ക് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു.
ഖത്തര്‍ അയച്ച പ്രത്യേക എയര്‍ ആംബുലന്‍സിലാണ് യാത്ര. ഖാലിദയെ യാത്രയാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് എത്തിയത്. വീട്ടില്‍ നിന്നു വിമാനത്താവളം വരെയുള്ള 10 കിലോമീറ്റര്‍ പിന്നിടാന്‍ ഖാലിദയുടെ കാര്‍ മൂന്നു മണിക്കൂര്‍ എടുത്തു. ഖാലിദയുടെ യാത്ര ചാനലുകളില്‍ തത്സമയ സംപ്രേക്ഷണം ചെയ്തു.
ബംഗ്ലദേശ് രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഖാലിദയുടെ യാത്ര. ഇടക്കാല സര്‍ക്കാരിനോട് ഈ വര്‍ഷം തിരഞ്ഞെടുപ്പു നടത്തണമെന്ന് ഖാലിദയുടെ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ തിരഞ്ഞെടുപ്പു നടത്താനാണ് ഇടക്കാല സര്‍ക്കാരിന്റെ തീരുമാനം. ഖാലിദയുടെ മകനും പാര്‍ട്ടി ആക്ടിങ് ചെയര്‍മാനുമായ താരിഖ് റഹ്മാന്‍ ലണ്ടനിലാണ് കഴിയുന്നത്. ബംഗ്ലദേശ് രാഷ്ട്രീയത്തില്‍ രണ്ടു പ്രധാനപ്പെട്ട പാര്‍ട്ടികളുടെയും നേതാക്കള്‍ നിലവില്‍ അവിടെ ഇല്ല. ഷെയ്ഖ് ഹസീന ഇന്ത്യയിലാണ്. മറ്റു പാര്‍ട്ടികള്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha